Your Image Description Your Image Description

പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ മൃതദേഹം ഡല്‍ഹി വഴി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. ജനപ്രതിനിധികളും ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി, പ്രതിപ​ക്ഷ നേതാവ് വിഡി സതീശൻ, മന്ത്രി പി പ്രസാദ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ, ഹൈബി ഈഡൻ എംപി, അൻവർ സാദത്ത്, മുഹമ്മദ് ഷിയാസ് എന്നിവരുൾപ്പെടെയുള്ളവർ വിമാനത്താവളത്തിലെത്തിയിരുന്നു. മഹാരാഷ്ട്ര സ്വദേശികളായ അതുൽ മേനെ, ഹേമന്ത് ജോഷി, സഞ്ജയ് ലേലെ എന്നിവരുടെ മൃതദേഹം ഡോംബിവലിയിലും എത്തിച്ചു.

അമേരിക്കയിലുള്ള രാമചന്ദ്രന്റെ സഹോദരൻ എത്തുന്നതിനാൽ വെള്ളിയാഴ്ചയാണ് സംസ്‌കാര ചടങ്ങുകൾ വച്ചിരിക്കുന്നത്. നെടുമ്പാശേരിയിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം റിനൈ മെഡിസിറ്റിയിലെ മോർച്ചറിയിലേക്ക് മാറ്റും. വെള്ളിയാഴ്ച രാവിലെ ഏഴ് മണി മുതല്‍ 9 മണി വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലും തുടര്‍ന്ന് 9.30ന് വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് 12 മണിയോടെ ഇടപ്പള്ളി ശ്മശാനത്തിലാണ് സംസ്‌കാരം നടത്തുക.

കുടുംബത്തോടൊപ്പമായിരുന്നു രാമചന്ദ്രന്‍ കശ്മീരിലെ പഹല്‍ഗാമിലെത്തിയത്. രാമചന്ദ്രനെ മകളുടെ മുന്നില്‍ വച്ചാണ് സൈനിവേഷത്തിലെത്തിയ ഭീകരര്‍ വെടിയുതിര്‍ത്തത്. രാമചന്ദ്രനൊപ്പം ഭാര്യ ഷീല രാമചന്ദ്രന്‍, മകള്‍ അമ്മു, അമ്മുവിന്റെ രണ്ട് ഇരട്ടകുട്ടികള്‍ എന്നിവരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞദിവസമാണ് ഇവര്‍ ഹൈദരാബാദില്‍ നിന്ന് കശ്മീരിലേക്ക് പോയത്. ചൊവ്വാഴ്ച രാവിലെയാണ് ഇവർ പഹൽഗാമിലെത്തുന്നത്. ദുബൈയിൽ ജോലി ചെയ്യുന്ന മകൾ കുട്ടികളുമായി കഴിഞ്ഞ ദിവസമാണ്​ നാട്ടിലെത്തിയിരുന്നത്. ഇതിനുശേഷം ഇവർ ഒരുമിച്ചാണ്​ യാത്ര പുറപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *