Your Image Description Your Image Description

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസ് വിജയം നേടിയപ്പോൾ കെ.എൽ രാഹുലായിരുന്നു ശ്രദ്ധാകേന്ദ്രം. 42 പന്തുകൾ നേരിട്ട് 57 റൺസ് നേടി പുറത്താകാതെ നിന്ന രാഹുലായിരുന്നു ഡൽഹിയുടെ വിജയശിൽപ്പി.

അവസാന സീസണിൽ ലഖ്‌നൗ വിട്ട് ഡൽഹിയിലെത്തിയ രാഹുൽ മികച്ച ഫോം തുടരുകയാണ്. 2022 മുതൽ 2024 വരെ സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ലഖ്‌നൗ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു രാഹുൽ. തുടർന്ന് 2024 ൽ രാഹുൽ ടീം വിടുകയായിരുന്നു. കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാനും സമാധാനപരമായ ഒരു ഡ്രസ്സിംഗ് റൂമിന്റെ ഭാഗമാകാനും ആഗ്രഹിക്കുന്നുവെന്നായിരുന്നു രാഹുൽ നൽകിയ ഔദ്യോഗിക വിശദീകരണം.

എന്നാൽ, അവസാന സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് ലഖ്‌നൗ പരാജയപ്പെട്ടതിന് ശേഷം സഞ്ജീവ് ഗോയങ്ക രാഹുലിനോട് കയര്‍ത്ത് സംസാരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ലഖ്‌നൗ വിട്ട രാഹുലിനെ ഐപിഎൽ 2025 ലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കുകയായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം നടന്ന ലക്നൗ – ഡൽഹി മത്സരത്തിന് ശേഷം രാഹുലും ഗോയങ്കയും മൈതാനത്ത് മുഖാമുഖം വന്നു. എന്നാൽ, മത്സര ശേഷം ഹസ്തദാനം ചെയ്യാനെത്തിയ ഗോയങ്കയെ രാഹുൽ കാര്യമായി പരിഗണിച്ചില്ല. ഗോയങ്ക എന്തോ സംസാരിക്കാൻ ശ്രമിച്ചെങ്കിലും രാഹുൽ അത് കേൾക്കാൻ കൂട്ടാക്കിയില്ല. ഹസ്തദാനം ചെയ്യുമ്പോൾ രാഹുലിനോട് ഗോയങ്ക എന്തോ പറയുന്നുണ്ടായിരുന്നെങ്കിലും രാഹുൽ അത് ശ്രദ്ധിക്കാതെ വേഗത്തിൽ നടന്നുനീങ്ങുകയായിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ചയെ ‘കോൾഡ് ഹാൻഡ് ഷേക്ക്’ എന്നാണ് ഇന്ത്യൻ താരം ഹനുമ വിഹാരി വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *