Your Image Description Your Image Description

കോഴിക്കോട്: ആവശ്യമായ പൊതു ഇടങ്ങള്‍ ഇല്ലാത്തത് ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള പ്രവണതകളിലേക്കാണ് വഴിയൊരുക്കുന്നതെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട് ബീച്ച് ഉള്‍പ്പെടെയുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ നൈറ്റ് ലൈഫിന് സുരക്ഷിതമായ ഇടങ്ങളാണെന്നും പൊതു ഇടങ്ങള്‍ വര്‍ധിപ്പിക്കാന്‍ സമൂഹത്തിന് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു. ഫറോക്ക് പഴയ പാലം ‘നമ്മള്‍’ പാര്‍ക്കിനോട് ചേര്‍ന്ന് നടത്തിയ സൗന്ദര്യവത്കരണത്തിന്റെയും ഫ്‌ളോട്ടിങ് ബ്രിഡ്ജ് ജെട്ടിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 35.50 ലക്ഷം രൂപ ചെലവില്‍ വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ രണ്ട് ഫ്‌ളോട്ടിങ് ബോട്ട് ജെട്ടികളാണ് സ്ഥാപിച്ചിരിക്കുന്നത്.

നഗരവത്കരണത്തിന്റെ ഭാഗമായും കോവിഡാനന്തരം മാറിയ ജീവിത സാഹചര്യവും കാരണം പൊതു ഇടങ്ങളുടെ ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍, ആവശ്യമായ പൊതു ഇടങ്ങള്‍ ഇല്ലാത്തത് ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള പ്രവണതകളിലേക്കാണ് വഴിയൊരുക്കുന്നത് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവിടുന്നതിനുള്ള സാമൂഹിക സാഹചര്യങ്ങള്‍ ഉറപ്പാക്കാനാവണം. മാനസിക ഉല്ലാസം നേടുന്നതിനും പിരിമുറുക്കം കുറക്കുന്നതിനും കരുത്താര്‍ജിക്കുന്നതിനും കളിക്കളങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു ഇടങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പ്രവൃത്തികളുടെ ഭാഗമായി, പഴയ പാലത്തിന് സമീപം പുഴയോട് ചേര്‍ന്ന് റെയില്‍വേ ബ്രിഡ്ജിന് താഴെ മധുര ബസാറിലേക്കുള്ള റോഡ് ഇന്റര്‍ലോക്കിടുകയും കാടുപിടിച്ച് കിടന്ന പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം വെട്ടിത്തെളിച്ച് ലൈറ്റുകള്‍ സ്ഥാപിച്ച് രാത്രിയും സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുകയുമാണ് ചെയ്തത്. ഇതോടെ പുഴയോട് ചേര്‍ന്ന് പ്രകൃതിഭംഗി ആസ്വദിക്കാനും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുമിച്ച് സമയം ചെലവിടാനും ഒത്തുചേരാനുമാകും. 1.17 കോടി രൂപ ചെലവിലാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്.

പഴയ പാലത്തിന് സമീപവും മമ്മിളിക്കടവ് ഫറോക്ക് പുതിയ പൊതുമരാമത്ത് വിശ്രമ കേന്ദ്രത്തിന് സമീപവുമായാണ് 35.50 ലക്ഷം രൂപ ചെലവില്‍ വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ രണ്ട് ഫ്‌ളോട്ടിങ് ബോട്ട് ജെട്ടികള്‍ സ്ഥാപിച്ചത്. കെഎസ്‌ഐഎന്‍സിയാണ് നിര്‍മാണ പ്രവൃത്തികള്‍ നടത്തിയത്. 10 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയിലുമാണ് ബോട്ട് ജെട്ടി ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *