Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: മാർ ഇവാനിയോസ് കോളജിലെ മൈതാനം ആ​ർ.​എ​സ്.​എ​സ്​ ആ​യു​ധ പ​രി​ശീ​ല​ന​ത്തി​ന്​ തു​റ​ന്നു​​കൊ​ടു​ത്ത​ത്​ ആരെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. സംഭവത്തിൽ മൗനം പാലിച്ച് കോളജ് അധികൃതർ. മാ​ർ ഇ​വാ​നി​​യോ​സി​ലെ മൈ​താ​നത്ത് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ കോ​ള​ജ്​ യൂ​ണി​യ​നു​​പോ​ലും അധികൃതർ അ​നു​മ​തി ന​ൽ​കാ​റില്ലെന്നിരിക്കെയാണ് ഈ സംഭവം. മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലുള്ള കോളേജാണിത്. നാ​ലാ​ഞ്ചി​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ കാ​മ്പ​സി​ൽ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സ​ര്‍വോ​ദ​യ സ്‌​കൂ​ള്‍, മാ​ര്‍ ബ​സേ​ലി​യ​സ്​ കോ​ള​ജ്​ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്.

കാ​മ്പ​സി​ലെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പൊ​തു​വാ​യു​ള്ള മൈ​താ​ന​മാ​ണ് അ​തി​ര​ഹ​സ്യ​മാ​യി ആ​ർ.​എ​സ്.​എ​സി​ന്‍റെ ആ​യു​ധ പ​രി​ശീ​ല​ന​ത്തി​ന്​ വി​ട്ടു​ന​ൽ​കി​യ​ത്. ആ​ർ.​എ​സ്.​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​യ്​ ര​ണ്ടി​ന്​ ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ഒ​ഫീ​സേ​ഴ്​​സ്​ ട്രെ​യി​നി​ങ്​ ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​യാ​ണ് 18 മു​ത​ൽ ര​ണ്ടാ​ഴ്ച നീ​ളു​ന്ന പ​രി​ശീ​ല​നം​ ആ​രം​ഭി​ച്ച​ത്. വേ​ന​ല​വ​ധി​ക്കാ​യി കോ​ള​ജ്​ അ​ട​ച്ച സ​മ​യ​ത്താ​ണി​ത്. വ​ള​രെ ര​ഹ​സ്യ​മാ​യി ന​ട​ന്നി​രു​ന്ന സാ​യു​ധ പ​രി​ശീ​ല​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ്​ കോ​ള​ജ്​ മാ​നേ​ജ്​​മെ​ന്‍റി​ന്‍റെ ദു​രൂ​ഹ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത്​ വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ ഉ​ൾ​പ്പെ​ടെ രം​ഗ​​ത്തെ​ത്തി​യ​ത്. ​

ആ​രാ​ണ്​ പ​രി​പാ​ടി​ക്ക്​ അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. മാ​നേ​ജ്​​മെ​​ന്‍റോ പ്രി​ൻ​സി​പ്പ​ലോ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ്​ കോ​ള​ജ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളാ​ണോ അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണം ല​ഭി​ക്കാ​ത്ത​തും​​ ദു​രൂ​ഹ​മാ​ണ്. മ​റ്റ്​ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ഗ്രൗ​ണ്ട്​ വി​ട്ടു​കൊ​ടു​ക്കാ​റി​ല്ലെ​ന്നും അ​ന്വേ​ഷി​ക്കാ​മെ​ന്നു​മാ​യി​രു​ന്നു കോ​ള​ജ് അ​ധി​കൃ​ത​ർ ആ​ദ്യം പ​റ​ഞ്ഞ​ത്. വീ​ണ്ടും അ​ന്വേ​ഷ​ണ​ത്തി​ൽ, ത​ങ്ങ​ൾ അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും മ​റ്റേ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ അ​നു​മ​തി വാ​ങ്ങി ന​ട​ത്തു​ന്ന​താ​കാ​മെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി.

സം​ഘ്​​പ​രി​പാ​റി​നോ​ട്​ ആ​ഭി​മു​ഖ്യം പു​ല​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ങ്ക​ര സ​ഭ​യു​ടെ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​വാം​ അ​നു​മ​തി നേ​ടി​യ​തെ​ന്നാ​ണ്​ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ പ​റ​യു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​യി​കേ​ത​ര പ​രി​പാ​ടി​ക​ൾ​ക്കു​പോ​ലും മൈ​താ​നം അ​നു​വ​ദി​ക്കാ​ത്ത മാ​​നേ​ജ്​​മെ​ന്‍റി​ന്‍റെ പ​ക്ഷ​പാ​ത​പ​ര​മാ​യ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്യാ​നാ​ണ്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ തീ​രു​മാ​നം. എ​ന്നാ​ൽ, സ്വ​യം​ഭ​ര​ണ​ കോ​ള​ജാ​യ​തി​നാ​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ​ക്ക​തി​രെ മാ​ർ​ക്ക്​ കു​റ​ക്ക​ൽ പോ​ലു​ള്ള അ​ച്ച​ട​ക്ക ന​ട​പ​ടി​യു​​ണ്ടാ​കു​മോ എ​ന്ന ഭീ​തി​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ണ്ട്.

മ​റ്റ്​ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കോ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ​ക്കോ വി​ട്ടു​ന​ൽ​കാ​ത്ത മൈ​താ​നം ആ​യു​ധ​പ​രി​ശീ​ല​ന​ത്തി​ന് അ​നു​വ​ദി​ച്ച​ത്​ എ​ന്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് മാ​നേ​ജ്​​മെ​ന്‍റ്​ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്​​ കോ​ള​ജ്​ യൂ​നി​യ​ൻ ഭ​രി​ക്കു​ന്ന കെ.​എ​സ്.​യു​വി​ന്‍റെ​യും എ​സ്.​എ​ഫ്.​​ഐ​യു​ടെ​യും ആ​വ​ശ്യം. ഗ്രൗ​ണ്ട്​ അ​നു​വ​ദി​ക്കാ​നു​ള്ള അ​ധി​കാ​രം മാ​നേ​ജ്​​മെ​ന്‍റി​നു​ണ്ടെ​ങ്കി​ലും പ്ര​ത്യേ​ക സം​ഘ​ട​ന​ക്ക്​ അ​നു​വ​ദി​ച്ച​തി​ലാ​ണ്​ ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *