Your Image Description Your Image Description

മുതലപ്പൊഴി: സുരക്ഷിതമായൊരു ഹാർബർ ആഗ്രഹിച്ച മത്സ്യത്തൊഴിലാളികൾക്ക് ഇപ്പോൾ കടലിലേക്ക് വള്ളവുമായി ഇറങ്ങാനാകാത്ത സ്ഥിതിയാണ്. മണൽ മൂടിമൂടി മുതലപ്പൊഴിയിൽ ഇപ്പോഴുണ്ടായത് അസാധാരണ സ്ഥിതിയാണ്. മരണപ്പൊഴിയെന്ന ഭീഷണിക്കൊപ്പം തിരുവനന്തപുരത്തിന്റെ വടക്കൻ തീരദേശത്തെ നിശ്ചലമാക്കുന്ന അവസ്ഥയിലേക്ക് മുതലപ്പൊഴി എത്തിയത് ഇങ്ങനെയാണ്.

തിരുവനന്തപുരത്തിന്റെ വടക്കൻ തീരത്തെ മത്സ്യതൊഴിലാളികൾക്ക് കടലിൽ സുരക്ഷിതമായി പോകാനൊരു ഹാർബർ. 30 കൊല്ലത്തോളം നീണ്ട ആഗ്രഹത്തിനും ആവശ്യങ്ങൾക്കും ഒടുവിലാണ് മുതലപ്പൊഴിയിൽ പൊഴി തുറന്ന് അഴിയാക്കി ഹാർബർ പണിതത്. ഹാർബ‍ർ നിർമാണം അശാസ്ത്രീയമാണെന്ന് കടലിനെ കൈവെള്ള പോലെ അറിയുന്ന തീരദേശവാസികൾ തുടക്കം മുതലേ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. അന്നൊന്നും ആരും അവരെ കേട്ടില്ല. അന്നേ മത്സ്യ തൊഴിലാളികൾ പറഞ്ഞതാണ് ഇന്ന് മുതലപ്പൊഴിയിൽ നാം കാണുന്നത്. കാലാലാകാലങ്ങളിൽ മുതലപ്പൊഴിക്ക് വന്ന മാറ്റങ്ങളാണിത്.

വേണ്ടത്ര അകലത്തിലോ, നീളത്തിലോ പണിയാത്ത പുലിമുട്ടുകൾ കടലിലേക്ക് ഇടിഞ്ഞിറങ്ങി. പുലിമുട്ടിനടിയിലെ മൺതിട്ടകളും കാറ്റും ചേർന്നുണ്ടാക്കുന്ന ചുഴികളിൽ പെട്ട് വള്ളങ്ങൾ അപകടത്തിൽപ്പെട്ടു. ഒടുവിലപ്പോൾ പൊഴി മണൽ അടിഞ്ഞ് മൂടി. പൊഴിമുഖത്ത് മണൽ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ ഡ്രഗ്ജിംഗ് വേണം. ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിനാണ് ഡ്രഗ്ജിംഗിന്റെ ചുമതല. വിഴിഞ്ഞം തുറമുഖ നിർമാണത്തിനാവശ്യമായ കല്ല് കൊണ്ടുവരാനുള്ള ബാർജ്ജ് മുതലപ്പൊഴിയിലായിരുന്നു അടുപ്പിച്ചത്. ഇതിനുള്ള അനുമതിക്ക് പകരമായി, മുതലപ്പൊഴിയിലെ ഡ്രഗ്ഡജിംഗിനുള്ള ചുമതല അദാനി ഗ്രൂപ്പിനെ സർക്കാർ ഏൽപ്പിച്ചു.

പിന്നീടങ്ങോട്ട് അക്ഷരാർത്ഥതത്തിൽ മുതലപ്പൊഴിയെ നോക്കി കൈകെട്ടി നിൽക്കുകയായിരുന്നു സർക്കാർ. ഓരോ തവണയും തീരത്ത് പ്രതിഷേധം ഉയരുമ്പോൾ യോഗം ചേരും. താത്കാലിക പരിഹാര മാർഗങ്ങൾ സ്വീകരിക്കും. എന്നാൽ കഴിഞ്ഞ കൊല്ലങ്ങളിൽ കൃത്യമായി മണൽ മാറ്റാത്തതിന്റെ ഫലമാണ് ഇപ്പോഴത്തെ ദുരിതം. പൊഴിയടഞ്ഞാൽ, അതിശക്തമായ മഴയിൽ തീരത്തേക്ക് വെള്ളം അടിച്ച് കയറും. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാകും. 11 വർഷം മുമ്പ് പൊഴിയടഞ്ഞതിന് പിന്നാലെയുണ്ടായ അതിശക്തമായ മഴയിൽ മുതലപ്പൊഴിക്കാർ നേരിട്ടത് വലിയ ദുരന്തമാണ്.

കടൽ പ്രക്ഷുബ്ദമായാൽ, മണൽ നീക്കം സാധിക്കില്ല. അതായത് മഴക്കാലത്തിന് മുമ്പായി മണൽ നീക്കിയില്ലെങ്കിൽ, മുതലപ്പൊഴിയെ കാത്തിരിക്കുന്നത് ഇതേ ദുരിതമാണ്. നഷ്ടപ്പെട്ട ജീവനുകൾ. തുലാസിലായ ജീവിതങ്ങൾ. വരാനിരിക്കുന്ന ദുരന്തങ്ങൾ. മുതലപ്പൊഴിയെ ദുരന്തത്തിന് വിട്ടുകൊടുക്കാതിരിക്കാൻ സർക്കാർ അടിയന്തര ശ്രദ്ധ നൽകണം.

Leave a Reply

Your email address will not be published. Required fields are marked *