Your Image Description Your Image Description

ഗുരുഗ്രാം: ശനിയാഴ്ച മുതൽ കാണാതായ പത്തുവയസ്സുകാരിയുടെ മൃതദേഹം മാൻഹോളിൽ ഉപേക്ഷിച്ച നിലയിൽ. ഹരിയാനയിലെ ബജ്ഗേരയിൽ ഭാര്യാ സഹോദരിയായ പത്ത് വയസ്സുകാരിയെ കൊന്ന് മാൻഹോളിൽ ഉപേക്ഷിച്ച 24കാരനെ പൊലീസ് പിടികൂടി. മാറത്താമസിക്കുന്ന ഭാര്യയോടുള്ള വൈരാ​ഗ്യത്തെത്തുടർന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്. മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് പിതാവ് പലം വിഹാർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ പെൺകുട്ടിയുടെ മൃതദേഹം ഷോളിൽ പൊതിഞ്ഞ് ബാഗിലാക്കി മാൻഹോളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

നഗരത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്. ബഗ്ജേരയിലെ വാടകവീട്ടിൽ താമസിക്കുന്ന പ്രതി ശുചീകരണതൊഴിലാളിയാണ്. അടുത്ത ദിവസം തിരികെ കൊണ്ടുവിടാമെന്ന് ഉറപ്പ് നൽകി പെൺകുട്ടിയെ കൂട്ടികൊണ്ടു പോയ ശേഷം മുറിയിലെത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. ശേഷം 1.5 കിലോമീറ്റർ അകലെയുള്ള മാൻഹോളിൽ ഉപേക്ഷിച്ചു.

ആറു വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് 5 വയസ്സുള്ള മകനുണ്ട്. ഭർത്താവുമായുള്ള തർക്കങ്ങളെ തുടർന്ന് യുവതി മാറി താമസിക്കുകയായിരുന്നു. ഭാര്യയോടുള്ള പകയാണ് ആക്രമണത്തിനു പിന്നിൽ. ഭാര്യയെ അപായപ്പെടുത്തുന്നതിനായി രണ്ടുമാസമായി പ്രതി ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *