Your Image Description Your Image Description

സണ്ണി ഡിയോള്‍ നായകനായ പുതിയ ബോളിവുഡ് ചിത്രമായ ജാഠ് തീയറ്ററുകളിൽ നിന്ന് പിൻവലിക്കണമെന്ന് ക്രിസ്ത്യൻ മത സംഘടനാ നേതാക്കൾ. തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന രം​ഗം ഈ ചിത്രത്തിലുണ്ടെന്നാണ് പഞ്ചാബിലെ ക്രിസ്ത്യന്‍ മത സംഘടനാ നേതാക്കളുടെ ആരോപണം. ചിത്രം തിയറ്ററുകളില്‍ നിന്ന് നീക്കണമെന്നും ചിത്രത്തിലെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മത സംഘടനാ പ്രതിനിധികള്‍ ജോയിന്‍റ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. 48 മണിക്കൂറിനുള്ളില്‍ ചിത്രം തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കാത്തപക്ഷം പ്രതിഷേധ പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും നേതാക്കള്‍ അറിയിച്ചു.

ചിത്രത്തില്‍ രണ്‍ദീപ് ഹൂദ അവതരിപ്പിച്ചിരിക്കുന്ന പ്രതിനായക കഥാപാത്രത്തിന്‍റെ ഒരു രംഗമാണ് മത നേതാക്കളെ പ്രകോപിപ്പിച്ചത്. രണതുംഗ എന്ന ഈ കഥാപാത്രം ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ പ്രദേശത്തെ വിശ്വാസികളായ നാട്ടുകാര്‍ക്ക് ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. കുരിശിലേറ്റിയ ക്രിസ്തു രൂപത്തിന്‍റെ പശ്ചാത്തലത്തില്‍ അതേ മാതൃകയില്‍ കൈകള്‍ ഉയര്‍ത്തിയാണ് രണ്‍ദീപ് ഹൂദയുടെ കഥാപാത്രത്തിന്‍റെ നില്‍പ്പ്. തുടര്‍ന്ന് അവിടെ അക്രമം അരങ്ങേറുകയാണ്. ഇത് ക്രിസ്ത്യന്‍ വിശ്വാസത്തെ മോശമായി ചിത്രീകരിക്കാന്‍ കരുതിക്കൂട്ടി ഉള്‍പ്പെടുത്തിയ രംഗമാണെന്നാണ് മതനേതാക്കള്‍ ആരോപിക്കുന്നത്. അതേസമയം ചിത്രത്തിന്‍റെ അണിയറക്കാരില്‍ നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല.

ഗദര്‍ 2 ന്‍റെ വമ്പന്‍ വിജയത്തിന് ശേഷം സണ്ണി ഡിയോള്‍ നായകനായി എത്തുന്ന ചിത്രമാണ് ജാഠ്. തെലുങ്ക് സംവിധായകന്‍ ഗോപിചന്ദ് മലിനേനിയുടെ ബോളിവുഡ് അരങ്ങേറ്റമായ ചിത്രം ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. റെഗിന കസാന്‍ഡ്ര, സയാമി ഖേര്‍, വിനീത് കുമാര്‍ സിംഗ്, പ്രശാന്ത് ബജാജ്, ജഗപതി ബാബു, സറീന വഹാബ്, സ്വരൂപ ഘോഷ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *