Your Image Description Your Image Description

പാലക്കാട്: ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ കൊലവിളി പ്രസംഗം നടത്തിയ ബിജെപി നേതൃത്വത്തിനെതിരെയാണ് യൂത്ത് കോൺ​ഗ്രസ് മാർച്ച് നടത്തിയത്. സന്ദീപ് വാര്യറാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. പട്ടാപ്പകൽ പാലക്കാട് രാഷ്ട്രീയ പ്രവർത്തനം നടത്തുമെന്നും ആർക്കെങ്കിലും ഒലത്തിക്കളയാമെന്നുണ്ടെങ്കിൽ നേരിട്ട് വരാമെന്നും സന്ദീപ് വാര്യർ വെല്ലുവിളിച്ചു.

പ്രകടനം ബാരിക്കേസ് വെച്ച് പൊലീസ് തടഞ്ഞു. സ്ഥലത്ത് വലിയ സംഘർഷമാണ് ഉണ്ടായത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടയിൽ സന്ദീപിനെ അറസ്റ്റ് ചെയ്ത് ബസിലേക്ക് കയറ്റി. സന്ദീപിനെ വലിച്ചിഴച്ചാണ് പൊലീസ് ബസ്സിൽ കയറ്റിയത്. സന്ദീപ് വാര്യറേയും പ്രവർത്തകരേയും അറസ്റ്റ് ചെയ്ത് സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിലും പ്രവർത്തകരും സ്റ്റേഷന് മുന്നിലെത്തി പ്രതിഷേധിച്ചു. സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിയ രാഹുൽ മാങ്കൂട്ടത്തിലും പൊലീസും തമ്മിൽ ‌വാക്കേറ്റമുണ്ടായി. പൊലീസിനെ പ്രവർത്തകർ കയ്യേറ്റം ചെയ്തു. സ്റ്റേഷന് മുന്നിൽ രാഹുൽ മാങ്കൂട്ടത്തിലും പ്രവർത്തകരും കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

ഡിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തിയപ്പോൾ പൊലീസ് പ്രതിഷേധിച്ചില്ലെന്നും വധഭീഷണി മുഴക്കിയപ്പോൾ പ്രശ്നമാക്കിയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കാല് വെട്ടുമെന്ന് പറ‍ഞ്ഞപ്പോൾ കേസെടുത്തോ. ബിജെപിക്കെതിരെ സമരം നടത്തുമ്പോഴാണ് പ്രശ്നം. പാലക്കാട്ടെ പൊലീസിന് സംഘി പ്രീണനമുണ്ട്. മുൻസിപ്പാലിറ്റി മാത്രമാണ് ബിജെപി ഭരിക്കുന്നത്. എന്നെ പിടിച്ചുമാറ്റിയത് യൂണിഫോമില്ലാത്ത പൊലീസാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറ‍ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *