Your Image Description Your Image Description

തൃശ്ശൂർ: ഇരിങ്ങാലക്കുട ഇറിഡിയം തട്ടിപ്പിന് ഹരിസ്വാമി ഉപയോ​ഗിച്ചത് ആത്മീയതയുടെ മറയും ഉന്നത ബന്ധങ്ങളെന്ന അവകാശ വാദവും. 500 കോടി രൂപയുടെ തട്ടിപ്പാണ് ഹരിസ്വാമി എന്ന ഹരിദാസനും സംഘവും ചേർന്ന് നടത്തിയത് എന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. തട്ടിപ്പിലൂടെ കിട്ടിയ പണം ഉപയോ​ഗിച്ച് ചില ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘം നടത്തിയതോടെ നാട്ടിൽ സ്വാമിയും സംഘവും നല്ലപിള്ളകളായി മാറുകയായിരുന്നു. എന്നാൽ, നിക്ഷേപം നൽകിയവർക്ക് പറഞ്ഞ സമയത്ത് ലാഭം ലഭിക്കാതെ വന്നതോടെയാണ് സ്വാമിയുടെയും സംഘത്തിന്റെയും ശനിദശ ആരംഭിച്ചത്.

കഴിഞ്ഞ ദിവസമാണ് ഹരിസ്വാമി (പാപ്പുള്ളി ഹരിദാസൻ-52), മണവിലാശ്ശേരി താണിശ്ശേരി മണമ്പുറയ്ക്കൽ വീട്ടിൽ ജിഷ (45), മാടായിക്കോണം മാപ്രാണം വെട്ടിയാട്ടിൽ വീട്ടിൽ പ്രസീദാ സുരേഷ് (46) എന്നിവരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. ഇറിഡിയം ബിസിനസിന് എന്ന പേരിൽ പണംവാങ്ങി വഞ്ചിച്ചെന്ന മാപ്രാണം സ്വദേശിയുടെ പരാതിയിലാണ് മൂവർ സംഘം അറസ്റ്റിലായത്. എന്നാൽ, സംഘത്തിന്റെ തട്ടിപ്പിന്റെ വ്യാപ്തി ഇതിലും വലുതാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.

ഇറിഡിയം ഇടപാടിലൂടെ ലക്ഷങ്ങൾ തിരികെ കിട്ടുമെന്ന് വാഗ്ദാനം നൽകിയാണ് സ്വാമിയും സംഘവും മാപ്രാണം സ്വദേശിയെ പറ്റിച്ചത്. 2018 ഓഗസ്റ്റ് മുതൽ 2019 ജനുവരി വരെ പലതവണകളായി 31,000 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതിടി. ഇവർക്കെതിരേ സമാനമായ തട്ടിപ്പുകേസുകളിലും പരാതികളുണ്ട്. ഇവർ 500 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് രഹസ്യാന്വേഷണ പോലീസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഹരിദാസൻ കൊൽക്കത്തയിലെ മഠത്തിന്റെ അധിപതിയാകാൻ പോകുകയാണെന്നും ബാങ്കുകളിൽ അനാഥമായി കിടക്കുന്ന പണം പാവങ്ങളിലേക്ക് എത്തിക്കുന്നതിനായി ഒരു ട്രസ്റ്റ് രൂപവത്കരിച്ച് ഉയർന്ന ലാഭവിഹിതം നൽകാമെന്നും പറഞ്ഞുവിശ്വസിപ്പിച്ചു. ഇറിഡിയം വിദേശത്തേക്ക് കയറ്റി അയച്ചെന്നും അതിന്റെ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് പണം തിരികെ നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

ആത്മീയതയും സൗജന്യ വീടുനൽകലും മറയാക്കിയായിരുന്നു ഹരിദാസന്റെ തട്ടിപ്പ്. ഹരിതം ഗ്രൂപ്പ് എന്ന പേരിൽ ഫാമും കടകളും നടത്തി അതിൽനിന്നുള്ള വരുമാനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോടികൾ കൊയ്തത്. ആഘോഷത്തിനായി കൈയഴിഞ്ഞ് സഹായിച്ച് നാട്ടുകാരിൽ വിശ്വാസം നേടി. തട്ടിപ്പുകൊണ്ട് നേടിയ പണംകൊണ്ട് നാട്ടുകാർക്ക് 13 വീടുകളാണ് നിർമിച്ചുനൽകിയത്. പണം തിരികെ ആവശ്യപ്പെടുന്നവരെ ഭീഷണിപ്പെടുത്തി. തനിക്ക് ദിവ്യജ്ഞാനം ഉണ്ടെന്നും ശപിച്ചാൽ കുടുംബം മുഴുവൻ നശിക്കുമെന്നായിരുന്നു ഭീഷണി. ഇറിഡിയത്തിന്റെ പേരിൽ നിക്ഷേപിച്ച പണം ഒറ്റയടിക്ക് പിൻവലിച്ചാൽ രാജ്യത്തിന്റെ സാമ്പത്തികസുരക്ഷയെ ബാധിക്കുമെന്നും പറഞ്ഞ് പണം തിരികെ നൽകാതെ വഞ്ചിച്ചു.

സിനിമാതാരങ്ങളോടും രാഷ്ട്രീയനേതാക്കളോടും ഒപ്പം നിൽക്കുന്ന ഫോട്ടോകൾ വീട്ടിൽ വെച്ചാണ് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്. പെരിഞ്ഞനത്തെ വീട്ടിൽവെച്ചാണ് തട്ടിപ്പിനുള്ള പണം വാങ്ങിയിരുന്നത്. ആർക്കും ഫോൺ നമ്പർ നൽകിയിരുന്നില്ല. സെൽഫോൺ ഉപയോഗിക്കില്ലെന്നായിരുന്നു നിക്ഷേപകരോട് പറഞ്ഞിരുന്നത്. എന്നാൽ, ഹരിദാസൻ 13 സിംകാർഡുകൾ സ്വന്തംപേരിൽ എടുത്തതായി പോലീസ് കണ്ടെത്തിയിരുന്നു. തട്ടിപ്പുസംബന്ധിച്ച പരാതിയെത്തിയതോടെ പണം തിരികെ നൽകുന്ന ചെറിയ അവധി പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. എന്നാൽ, പറഞ്ഞ തീയതികളിലൊന്നും പണം നൽകിയില്ല. അതിനിടെയാണ് പോലീസ് പിടികൂടിയത്.

നിരവധി പേരിൽനിന്നായി കോടിക്കണക്കിനുരൂപയാണ് തട്ടിപ്പു സംഘം സമാഹരിച്ചത്. റിസർവ് ബാങ്കിന്റേതാണെന്നു കാണിച്ചുള്ള വ്യാജരേഖകൾ ചമയ്ക്കുകയും ചെയ്തിരുന്നു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.എസ്. ഷാജൻ, സബ് ഇൻസ്‌പെക്ടർമാരായ മുഹമ്മദ് റാഷി, എഎസ്‌ഐ ഉമേഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റുചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *