Your Image Description Your Image Description

പ്രമോഷൻ ലഭിച്ചതിനു ശേഷം ജോലി രാജിവച്ച് കുറച്ചുകൂടി നല്ല ഒരു ജോലിയിൽ പ്രവേശിച്ച ത​ന്റെ സുഹൃത്തി​ന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഒരു യുവാവ്. ജോലി മാറിയതി​ന്റെ പേരിൽ സഹപ്രവർത്തകരും മാനേജർമാരും അദ്ദേഹത്തെ പരസ്യമായി ശാസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തതിനെക്കുറിച്ചാണ് യുവാവ് പറയുന്നത്.

തന്റെ സഹപ്രവർത്തകന് ഓഫീസിൽ നിന്നും പ്രൊമോഷൻ കിട്ടി. അതിനുശേഷമാണ് അയാൾ രാജിവെച്ചത്. ഇതിന്റെ പേരിൽ ശകാരം കേട്ടുവെന്നും പോസ്റ്റിൽ പറയുന്നു. ‘സെയിൽസ് ടീമിലുള്ള എന്റെ ഒരു സഹപ്രവർത്തകന് അടുത്തിടെയാണ് കോർഡിനേറ്ററിൽ നിന്ന് സൂപ്പർവൈസറായി സ്ഥാനക്കയറ്റം ലഭിച്ചത്. അദ്ദേഹം അത് സ്വീകരിച്ചു, പുതുക്കിയ ശമ്പളവും കിട്ടി. എന്നാൽ, പുതിയ ഉത്തരവാദിത്തങ്ങൾ ഔദ്യോഗികമായി തുടങ്ങുന്നതിന് മുമ്പുതന്നെ മറ്റൊരു ഹോട്ടലിൽ മികച്ച അവസരം കിട്ടിയതിനെ തുടർന്ന് അദ്ദേഹം ഈ ജോലി രാജിവച്ചു’ എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്.

‘ആ തീരുമാനത്തിൽ സെയിൽസ്, എച്ച്ആർ മാനേജർമാർ അസ്വസ്ഥരായി. പരസ്യമായി അദ്ദേഹത്തെ ശാസിക്കുകയും ചെയ്തു. വിശ്വസിക്കാൻ കൊള്ളാത്തവനെന്നും പ്രൊഫഷണൽ അല്ലാത്തവനെന്നും സിസ്റ്റത്തെ മുതലെടുക്കുന്നവനെന്നും വിളിച്ചു. ഇത് അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കിടയിൽ ഒരു ചർച്ചയ്ക്ക് കാരണമായി. പലരും അദ്ദേഹം ചെയ്തത് തെറ്റാണ് എന്നാണ് പറഞ്ഞത്’ എന്നും പോസ്റ്റിൽ പറയുന്നു.

‘അയാൾ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നില്ലെങ്കിൽ, ജീവനക്കാരുടെ എണ്ണം കുറക്കുന്നതിന്റെ ഭാ​ഗമായി അയാളെ പിരിച്ചുവിടുന്നതിന് കമ്പനി രണ്ടുതവണ ആലോചിക്കുമായിരുന്നില്ല. അവർ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുക പോലും ഇല്ലായിരുന്നു. വിശ്വസ്തതയെക്കുറിച്ചും സംസാരിക്കില്ല. അതൊരു ബിസിനസ്സ് തീരുമാനമാണെന്ന് അവർ പറയുകയും ആ തീരുമാനവുമായി മുന്നോട്ട് പോകുകയും ചെയ്യുമായിരുന്നു. പക്ഷേ, അദ്ദേഹം അദ്ദേഹത്തിന് യോജിച്ച നല്ല തീരുമാനം എടുക്കുമ്പോൾ മാത്രം എന്താണ് പ്രശ്നം’ എന്നാണ് റെഡ്ഡിറ്ററുടെ ചോദ്യം.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. അയാൾ ചെയ്തതിൽ ഒരു തെറ്റുമില്ല, അവനവന്റെ ഭാവിക്ക് നല്ലതാണ് ചെയ്യേണ്ടത് എന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *