Your Image Description Your Image Description

അമേരിക്കയിൽ ഡോണൾഡ്‌ ട്രംപിനെ പോലൊരു വ്യവസായി അധികാരത്തിലെത്തുന്നതില്‍ സന്തോഷിച്ചിരുന്നവരാണ് അമേരിക്കയിലെ ടെക് കമ്പനികള്‍. ട്രംപ് ഭരണകൂടത്തിന്റെ സ്ഥാനാരോഹണ പരിപാടികളില്‍ വന്‍കിട ടെക്ക് കമ്പനികളുടെ പ്രതിനിധികളെല്ലാം സന്നിഹിതരായിരുന്നു. വന്‍ തുകയാണ് ഈ പ്രമുഖരെല്ലാം ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും സ്ഥാനാരോഹണത്തിനുമായി ചെലവാക്കിയത്. എന്നാല്‍ അധികാരത്തിലേറി മൂന്ന് മാസം കഴിയുമ്പോള്‍ ഈ ടെക് ഭീമന്‍മാരെയെല്ലാം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഡോണൾഡ്‌ ട്രംപ്.

മെറ്റ, ആപ്പിള്‍, ഗൂഗിള്‍, ടെസ്ല, ആമസോണ്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് ഈ വര്‍ഷം തുടക്കം മുതല്‍ ഇതുവരെ ഏകദേശം 1.8 ലക്ഷം കോടി ഡോളറിന്റെ നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. ബൈഡന്‍ ഭരണകൂടത്തിന്റെ കാലത്ത്, തങ്ങള്‍ക്ക് നേരിടേണ്ടി വന്ന കടുത്ത നിയന്ത്രണങ്ങള്‍ക്ക് മാറ്റം വരുത്താൻ ട്രംപിന് സാധിക്കുമെന്നായിരുന്നു കമ്പനികളുടെ കണക്കുകൂട്ടല്‍. ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള കമ്പനികള്‍ ട്രംപ് ഭരണകൂടത്തിന്റെ നിലപാടിനനുസരിച്ച് നയങ്ങള്‍ തിരുത്തിയെഴുതുക വരെ ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികളാണ് ട്രംപിന്റെ പിന്തുണയില്‍ ഏറെ സാധ്യത കണ്ടത്.

എന്നാല്‍ കനത്ത സാമ്പത്തിക നഷ്ടം നേരിടുന്നതിനൊപ്പം പകരച്ചുങ്കം ഏര്‍പെടുത്തിയുള്ള അമേരിക്കയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം കമ്പനികളെയാകെ പിടിച്ചുലച്ചിരിക്കുകയാണ്. ചൈനയുള്‍പ്പടെയുള്ള ഏഷ്യന്‍ വിതരണ ശൃഖലയെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ നികുതി യുദ്ധം. അത് പക്ഷെ പണികൊടുക്കുന്നത് അമേരിക്കൻ കമ്പനികള്‍ക്കാണ്. പകരച്ചുങ്കവും അത് സൃഷ്ടിച്ച സാമ്പത്തിക അരക്ഷിതാവസ്ഥയും കാരണം ടെക് കമ്പനികളുടെ വരുമാനത്തില്‍ 25 ശതമാനം ഇടിവുണ്ടാവുമെന്ന് യുബിഎസിനെ ഉദ്ധരിച്ച് സിഎന്‍എന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രംപ് ഭരണകൂടം അധികാരത്തിലേറുന്നതിന് മുമ്പ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ വന്‍കിട കമ്പനികളുണ്ടാക്കിയ നേട്ടങ്ങളില്‍ നിന്നാണ് ഈ ഇടിവുണ്ടായത്.

ട്രംപിന്റെ അനുയായിയും ടെസ്ലയുടെ മേധാവിയുമായ ഇലോണ്‍ മസ്‌ക് ആണ് നഷ്ടം നേരിട്ടവരില്‍ മുന്‍നിരയിലുള്ളത്. ഓഹരി വിപണിയില്‍ 28 ശതമാനത്തിന്റെ നഷ്ടമാണ് ടെസ്ലക്കുണ്ടായത്. ട്രംപ് ഭരണകൂടത്തിന്റെ താരിഫ് പ്രഖ്യാപനവും ടെസ്ലയ്ക്ക് വലിയ വെല്ലുവിളിയാണ്. ട്രംപിന്റെ ഉദ്ഘാടന ഫണ്ടിലേക്ക് 10 ലക്ഷം ഡോളര്‍ സംഭാവന ചെയ്ത കമ്പനിയാണ് മെറ്റ. ട്രംപിന്റെ താത്പര്യങ്ങള്‍ക്ക് അനുകൂലമായാണ് മെറ്റയിലെ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ (ഡിഇഐ) പ്രോഗ്രാമുകള്‍ നിര്‍ത്തലാക്കിക്കൊണ്ടുള്ള പ്രഖ്യാപനം സക്കര്‍ബര്‍ഗ് നടത്തിയത്. ഓഹരിവിപണിയില്‍ മെറ്റയ്ക്ക് 2.25 ശതമാനത്തിനെ നഷ്ടമാണ് ഈ വര്‍ഷം ഇതുവരെയുണ്ടായത്. ഇതോടെ കമ്പനിയുടെ മൂല്യം 3580 കോടി ഡോളറായി ചുരുങ്ങി.

അധികാരത്തില്‍ തിരിച്ചെത്തിയ ട്രംപിന് ആദ്യം ആശംസയറിയിച്ചയാളാണ് ആമസോണ്‍ മേധാവി ജെഫ് ബെസോസ്. 13 ശതമാനത്തിന്റെ നഷ്ടമാണ് ആമസോണിന് ഓഹരി വിപണിയിലുണ്ടായത്. ട്രംപിന് പത്ത് ലക്ഷം ഡോളര്‍ സംഭാവന കൊടുത്ത ഗൂഗിളിന്റെ ഓഹരിയില്‍ 16.2 ശതമാനത്തിന്റെ ഇടിവുണ്ടായി. ട്രംപിന്റെ സ്ഥാനാരോഹണത്തിന് പത്ത് ലക്ഷം ഡോളര്‍ നല്‍കിയതിന് പുറമെ ട്രംപ് അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി അമേരിക്കൻ സ്ഥാപനങ്ങള്‍ക്ക് വേണ്ടി അടുത്ത നാല് വര്‍ഷക്കാലം 50000 കോടി ഡോളര്‍ മുടക്കുമെന്ന പ്രഖ്യാപനം പോലും നടത്തിയ കമ്പനിയാണ് ആപ്പിള്‍. ജനുവരി മുതല്‍ 18ശതമാനത്തിന്റെ ഇടിവാണ് ആപ്പിളിനുണ്ടായത്. കമ്പനികള്‍ക്കുണ്ടായ നഷ്ടം അതാത് കമ്പനികളുടെ സ്ഥാപകരും മേധാവികളുമായ വ്യക്തികളുടെ വ്യക്തിഗത വരുമാനത്തിലും കനത്ത ഇടിവുണ്ടാക്കിയെന്നാണ് കണക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *