Your Image Description Your Image Description

ഇത്തവണത്തെ വിഷു വിഭവസമൃദ്ധമാക്കാൻ നമുക്ക് ചില സ്പെഷ്യൽ ഭക്ഷണങ്ങൾ തയ്യാറാക്കിയാലോ.

വിഷുക്കട്ട

ചേരുവകൾ
അരി (ഉണക്കലരി) – 1 കപ്പ്
തേങ്ങാപ്പാൽ – 6 കപ്പ്
ജീരകം – ¼ ടീസ്പൂൺ
നെയ്യ് – ¼ ടീസ്പൂൺ
പഞ്ചസാര – 1 കപ്പ്

തയ്യാറാക്കുന്ന രീതി
ആദ്യം അരി പൊടിക്കുക.
പിന്നീട് ഒരു പാനിൽ നെയ്യ് പുരട്ടി മാറ്റി വയ്ക്കുക.

ഇനി അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് ആദ്യം 2 കപ്പ് തേങ്ങാപ്പാൽ ചേർത്ത് പാത്രം തീയിൽ വയ്ക്കുക. ഇനി ഇതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. പൊടിച്ച പച്ച അരി ചേർത്ത് നന്നായി ഇളക്കുക. ജീരകം കൂടി ഇതിലേക്ക് ചേർക്കുക. മിശ്രിതം വഴറ്റി വേവിക്കാൻ അനുവദിക്കുക. പകുതി വേവാകുമ്പോൾ ബാക്കി വന്ന തേങ്ങാപ്പാൽ അതിലേക്ക് ചേർക്കുക. ഇളക്കി കൊണ്ടിരിക്കുക. അവസാനം നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് ഒഴിച്ച് തണുക്കാൻ അനുവദിക്കുക. കശുവണ്ടിപ്പരിപ്പ് വിതറി അലങ്കരിക്കുക, ഇഷ്ടമുള്ള ആകൃതിയിൽ മുറിക്കുക.
മാമ്പഴ പുളിശ്ശേരി.

മാമ്പഴം- മൂന്നെണ്ണം വലുത്
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
പച്ചമുളക്-നാല്
ഉപ്പ് – പാകത്തിന്
ശര്‍ക്കര – രണ്ട്
തേങ്ങ – ഒരു മുറി
ജീരകം -പാകത്തിന്
തൈര് – ഒരു കപ്പ്
കടുക് – ആവശ്യത്തിന്
ചുവന്നുള്ളി – 4 അല്ലി
കറിവേപ്പില
ഉണക്കുമുളക്
തയ്യാറാക്കുന്ന വിധം

മാമ്പഴവും അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും പച്ചമുളകും ഉപ്പും അല്‍പം ശര്‍ക്കരയും ചേര്‍ത്ത് മാമ്പഴം മുങ്ങിക്കിടക്കാന്‍ പാകത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. അതിലേക്ക് ഒരുമുറി തേങ്ങ ചിരകിയത്, ഒരു ടീസ്പൂണ്‍ ജീരകം ചേര്‍ത്ത് മഷിപോലെ അരച്ച് കറിയിലേക്ക് ഒഴിച്ച് തിളയ്ക്കുമ്പോള്‍ തീ ഓഫ് ചെയ്യുക. ഒരു കപ്പ് കട്ട തൈര് ഉടച്ച് കറിയിലേക്ക് ചേര്‍ക്കാം. വെളിച്ചെണ്ണയില്‍ കടുകും ചുവന്നുള്ളിയും കറിവേപ്പിലയും ഉണക്കമുളക്കും താളിച്ച കറിയില്‍ ഒഴിച്ചുകൊടുക്കുക

ഇടിച്ച ചക്ക തോരന്‍

വിഷു സദ്യയില്‍ ചക്ക വിഭവങ്ങള്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ചക്ക സീസണായതിനാല്‍ ഇടിച്ചക്കതോരനും ചക്ക അവിയലും സദ്യയുടെ ഭംഗി കൂട്ടുന്നുണ്ട്.

ചക്ക- ചെറിയ കഷ്ണങ്ങളായി അരിഞ്ഞുവെച്ചത്
തേങ്ങ- ആവശ്യത്തിന്
പച്ച കുരുമുളക്- ആവശ്യത്തിന്
ജീരകം-1 ടീസ്പൂൺ
വെളുത്തുള്ളി-രണ്ട് അല്ലി
മഞ്ഞള്‍പ്പൊടി- ആവശ്യത്തിന്
കടുക്
വെളിച്ചെണ്ണ
കറിവേപ്പില
തയ്യാറാക്കുന്ന വിധം

ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞുവെച്ച ഇടിച്ചക്ക ആവിയില്‍ വേവിച്ചെടുക്കുക. ചൂടാറിയ ശേഷം മിക്‌സിയിലിട്ട് ഇട്ട് ചതച്ചെടുക്കുക. തേങ്ങ, പച്ച കുരുമുളക്, ഒരു ടീസ്പൂണ്‍ ജീരകം, രണ്ടു അല്ലി വെളുത്തുള്ളി, അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് ചതച്ചെടുക്കുക. ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി, കടുകും കറിവേപ്പിലയും ഉണക്കമുളകും താളിച്ച് ചതച്ച ചക്കയും അരക്കപ്പ് വേവിച്ച വന്‍പയറും തേങ്ങ ചതച്ചതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഡ്രൈ ആവുന്നത് വരെ ഇളക്കി യോജിപ്പിച്ച് എടുക്കുക.

ചക്ക അവിയല്‍

ചക്ക ചുള
ചക്കകുരു
വെള്ളരിക്ക
പടവലങ്ങ
കാരറ്റ്
മുരിങ്ങക്ക
പച്ചമാങ്ങ
പച്ചമുളക്
തയ്യാറാക്കുന്ന വിധം

ചക്ക ചുളയും ചക്കകുരുവും ചക്കയുടെ എല്ലാഭാഗങ്ങളും ഉള്‍പ്പെടുത്തിയുള്ള വിഭവമാണ് ചക്ക അവിയല്‍. ചക്കചുള, ചക്കകുരു, വെള്ളരിക്ക, പടവലങ്ങ, കാരറ്റ്, മുരിങ്ങക്ക, അല്പം പച്ചമങ്ങ, പച്ചമുളക് ഇവയെല്ലാം നീളത്തില്‍ അരിഞ്ഞുവെക്കുക.ശേഷം ഒരു പാത്രത്തില്‍ രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് ചക്കകുരു, അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു ടീസ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് അടച്ചുവെച്ച് അഞ്ച് മിനിറ്റ് വേവിക്കുക. ഇതിലേക്ക് ചക്ക ഒിഴികേയുള്ള പച്ചക്കറികള്‍ ചേര്‍ക്കുക. ആവശ്യത്തിനും ഉപ്പും ചേര്‍ത്ത് 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. ശേഷം ചക്ക കൂടി ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം വീണ്ടും അഞ്ച് മിനിറ്റ് വേവിക്കുക.
തേങ്ങ ചിരകിയതിലേക്ക് ഒരു ടീസ്പൂണ്‍ ജീരകം, അഞ്ച് അല്ലി ചുവന്നുള്ളി, കറിവേപ്പില ഇവ ചേർത്ത് ചതച്ചെടുത്ത് ചേര്‍ത്ത് യോജിപ്പിക്കുക. വീണ്ടും അടച്ചുവെച്ച് അല്‍പസമയം വച്ചതിന് ശേഷം നന്നായി യോജിപ്പിച്ച് കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേര്‍ത്ത് വഴറ്റുക.

Leave a Reply

Your email address will not be published. Required fields are marked *