Your Image Description Your Image Description

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് തോല്‍പ്പിച്ചത്. 45 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയുടെ പ്രകടനമാണ് ബെംഗളൂരുവിന് കരുത്തായത്. 222 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിങ് തിരഞ്ഞെടുത്തു. നാല് റണ്‍സെടുത്ത ഫില്‍ സോള്‍ട്ടിന് രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്. പിന്നാലെ വിരാട് കോഹ്‌ലിയും ദേവ്ദത്ത് പടിക്കലും ക്രീസില്‍ ഒന്നിച്ചതോടെ ആര്‍സിബി വെടിക്കെട്ടുമായി മുന്നേറി. 22 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സറും സഹിതം പടിക്കല്‍ 37 റണ്‍സെടുത്തു. കോഹ്‌ലി 67 റണ്‍സെടുത്ത് പുറത്തായി. 42 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സറും സഹിതമായിരുന്നു കോഹ്‌ലിയുടെ ഇന്നിംഗ്‌സ്. രണ്ടാം വിക്കറ്റില്‍ കോഹ്‌ലിയും പാട്ടിദാറും ചേര്‍ന്ന് 91 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

32 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സറും സഹിതം 64 റണ്‍സെടുത്താണ് ക്യാപ്റ്റന്‍ രജത് പാട്ടിദാറിന്റെ സമ്പാദ്യം. 19 പന്തില്‍ പുറത്താകാതെ 40 റണ്‍സുമായി ജിതേഷ് ശര്‍മയും തന്റെ വെടിക്കെട്ട് മികവ് പുറത്തെടുത്തു. രണ്ട് ഫോറും നാല് സിക്‌സറും സഹിതമായിരുന്നു ജിതേഷിന്റെ ഇന്നിംഗ്‌സ്. മുംബൈ ഇന്ത്യന്‍സിനായി ഹാര്‍ദിക് പാണ്ഡ്യയും ട്രെന്റ് ബോള്‍ട്ടും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങില്‍ മുംബൈയ്ക്കായി രോഹിത് ശര്‍മ 17 റണ്‍സെടുത്തും റയാന്‍ റിക്ലത്തോണ്‍ ഒമ്പത് റണ്‍സുമായും നേരത്തെ മടങ്ങി. പിന്നാലെ വില്‍ ജാക്‌സ് 22 റണ്‍സും സൂര്യകുമാര്‍ 28 റണ്‍സും സംഭാവന ചെയ്തു. തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയുമാണ് ഉഗ്രന്‍ ഫോമില്‍ കളിച്ചത്. 29 പന്തില്‍ നാല് ഫോറും നാല് സിക്‌സറും സഹിതം തിലക് 56 റണ്‍സെടുത്തു. 15 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സറും സഹിതം ഹാര്‍ദിക് പാണ്ഡ്യ 42 റണ്‍സെടുത്തു. ഇരുവരുടെയും വിക്കറ്റ് നഷ്ടമായിടത്ത് മുംബൈയ്ക്ക് മത്സരം നഷ്ടമായി. അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് ഉള്‍പ്പെടെ നാല് പേരെ വീഴ്ത്തി ക്രുണാല്‍ പാണ്ഡ്യയാണ് മുംബൈയ്ക്ക് വിജയം നിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *