Your Image Description Your Image Description

നാലു വർഷത്തിനിടെ 78 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാൻ സർക്കാരിന് സാധിച്ചെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ്. ‘അതിദരിദ്രരില്ലാത്ത കേരളം, അതിദരിദ്രരില്ലാത്ത കോഴിക്കോട് കോർപ്പറേഷൻ’ പദ്ധതിയുടെ ഭാഗമായി അതിദരിദ്രർക്ക് സുസ്‌ഥിരമായ വാസസ്‌ഥലം ഒരുക്കൽ ലക്ഷ്യമിട്ട് കല്ലുത്താൻകടവിൽ യാഥാർഥ്യമാക്കിയ 32 ഫ്ളാറ്റ് യൂണിറ്റുകളുടെ താക്കോൽ കൈമാറൽ, 25 അതിദരിദ്രർക്ക് നെല്ലിക്കോട് വില്ലേജിൽ അനുവദിച്ച സ്‌ഥലം രജിസ്‌റ്റർ ചെയ്‌ത് ആധാരം നൽകൽ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.അതിദരിദ്രരായി കണ്ടെത്തിയ 64,006 കുടുംബങ്ങൾക്ക് സൂക്ഷ്‌മ പദ്ധതികൾ തയ്യാറാക്കിയാണ് ഇന്ത്യയിൽ  അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി നടപ്പാക്കിയ ഏക സംസ്‌ഥാനമായി കേരളം മാറിയതെന്നും അദ്ദേഹം പറഞ്ഞു.

അവശേഷിക്കുന്ന 14000 കുടുംബങ്ങളിൽ ഭൂരിഭാഗവും സ്‌ഥലലഭ്യത ഇല്ലാത്തവർ ആണ്. ഇതിനു പരിഹാരമായി റവന്യു അടക്കമുള്ള മറ്റു വകുപ്പുകളുടെ കൈവശമുള്ള സർക്കാർ ഭൂമി കണ്ടെത്തി അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ടവർക്ക് പതിച്ചുനൽകാൻ ജില്ലാ കളക്ടർക്ക് അധികാരം നൽകുന്ന തീരുമാനം മന്ത്രിസഭ കൈകൊണ്ടിട്ടുണ്ടെന്നും  ഭൂമി ലഭ്യമാകുന്ന മുറക്ക് ലൈഫ് പദ്ധതിയിൽ മുൻഗണയിൽ ഉൾപ്പെടുത്തി വീടുകൾ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ്‌ ദേവർകോവിൽ എന്നിവർ മുഖ്യാതിഥികളായി. കോർപറേഷൻ സെക്രട്ടറി കെ.യു ബിനി റിപ്പോർട്ട് അവതരിപ്പിച്ചു.
ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്‌,സ്‌ഥിരംസമിതി അധ്യക്ഷരായ പി ദിവാകരൻ, ഒ.പി ഷിജിന, ഡോ. എസ് ജയശ്രീ, പി.സി രാജൻ, കൃഷ്ണകുമാരി, പി.കെ നാസർ, സി രേഖ, കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *