Your Image Description Your Image Description

തമിഴ്നാട് ബിജെപിയുടെ അധ്യക്ഷ പദവിയിലേക്കു മത്സരിക്കാനില്ലെന്നു നിലവിലെ അധ്യക്ഷൻ കെ.അണ്ണാമലൈ അറിയിച്ചതോടെ പുതിയ അധ്യക്ഷനെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 2021ലാണ് ഐപിഎസ് പദവി ഉപേക്ഷിച്ചെത്തിയ അണ്ണാമലൈയെ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനാക്കുന്നത്. ഇടയ്ക്കുവച്ച് സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയുമായി കൊമ്പുകോർത്തതാണ് ഇപ്പോൾ അധ്യക്ഷ പദവിയിൽനിന്നു പുറത്തേക്കുള്ള വഴി തുറന്നതെന്നാണു സൂചന. അണ്ണാമലൈ കുപ്പുസ്വാമി എന്ന കർണാടക കേഡറിൽ കത്തിനിൽക്കുന്ന ഐപിഎസുകാരൻ തന്റെ 35-ാം വയസ്സിൽ പൊലീസ് ഉദ്യോഗം രാജിവെച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ ഏവരും ഞെട്ടിയതാണ്. അപ്പോഴേക്കും ഉഡുപ്പിയിലെയും മറ്റും ക്രിമിനലുകളെ ഒതുക്കി, ഉഡുപ്പി സിങ്കം എന്നും ‘സൂപ്പർ കോപ്പ്’ എന്നുമൊക്കെയുള്ള വിശേഷണങ്ങൾ മാധ്യമങ്ങൾ അദ്ദേഹത്തിന് നൽകിയിരുന്നു. മുപ്പത്തിയേഴാം വയസ്സിൽ ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കുമ്പോൾ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പാർട്ടി സംസ്ഥാന അധ്യക്ഷനായിരുന്നു അണ്ണാമലൈ. അതുവരെ ഹിന്ദുത്വ രാഷ്ട്രീയം മാത്രം കേട്ടുശീലിച്ച തമിഴ്‌നാട്ടിലെ ബിജെപി അണികൾക്കിടയിലേക്ക് ഭരണപക്ഷത്തിനെതിരെ കൃത്യമായ അഴിമതി ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന, ഉരുളയ്ക്കുപ്പേരി പോലെ എന്തിനും മറുപടി നൽകുന്ന ഒരു വീരപുരുഷനായാണ് അണ്ണാമലൈ അവതരിച്ചത്. സ്ഥാനം ഒഴിയുന്ന അണ്ണാമലൈയെ കേന്ദ്രമന്ത്രിസഭയിലേക്ക് എടുക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. കർണാടക കേഡറിലെ മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈയെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നുവെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽനിന്നുള്ള എൽ.മുരുകൻ മോദി മന്ത്രിസഭയിൽ അംഗമാണ്. അണ്ണാമലൈയെ കേന്ദ്രമന്ത്രിയാക്കുന്നതു വഴി തമിഴ്നാട്ടിൽനിന്നു രണ്ടു പേർക്കു കേന്ദ്രമന്ത്രിസഭയിലേക്കുള്ള പ്രാതിനിധ്യം ഉറപ്പിക്കാൻ ബിജെപിക്കു കഴിയും. കേരളത്തിൽനിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരായിട്ടുണ്ട്. രാമേശ്വരത്ത് പാമ്പൻ പാലം ഉദ്ഘാടനത്തിനെത്തിയ നരേന്ദ്ര മോദി, അണ്ണാമലൈ അടക്കമുള്ള ബിജെപി സംസ്ഥാന നേതാക്കളുമായി ഭാവികാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. തമിഴ്നാട്ടിൽ വൻ ഭൂരിപക്ഷത്തിൽ അധികാരമേറ്റ്, മികച്ച ഇമേജിൽ മുന്നോട്ടുപോവുന്ന, സ്റ്റാലിൻ സർക്കാറിന്റെ അഴിമതികൾ ഒന്നൊന്നായി പുറത്തുകൊണ്ടുവന്ന് തുണിയുരിച്ച് നിർത്തിയത്, അണ്ണാമലൈ തന്നെയാണ്. മുഖ്യ പ്രതിപക്ഷമായ എഐഎഡിഎംകെക്ക് ഇവിടെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി സ്റ്റാലിനും കുടുംബവും ചേർന്ന് ഒരു ലക്ഷം കോടിയിലധികം രൂപ നേടിയെടുത്തു എന്ന ആരോപണവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ പുറത്തുവിട്ട വിവരങ്ങളാണ് ഡിഎംകെ ഫയൽസ് എന്ന പേരിൽ തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയത്. അന്ന് ഇന്ത്യൻ യുവാക്കളുടെ ആരാധനാ മൂർത്തിയും, തമിഴ്‌നാട് ധനമന്ത്രിയുമായ പഴനിവേൽ ത്യാഗരാജന്റെ ശബ്ദരേഖ ഉൾപ്പെടെയാണ് അഴിമതിക്ക് തെളിവായി അണ്ണാമലൈ സമർപ്പിച്ചത്. പക്ഷേ, സർക്കാർ ഒരു അന്വേഷണവും നടത്തിയില്ല. പക്ഷേ അണ്ണാമലൈ അടങ്ങിയില്ല. ഡിഎംകെ ഫയൽസിന്റെ രണ്ടാം ഭാഗം ഗവർണർക്ക് സമർപ്പിച്ച അദ്ദേഹം സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി. നേരത്തെ കത്തിനിന്ന ഗവർണർ- സർക്കാർ പോര്് ഇതോടെ കൂടുതൽ ശക്തമായി. എന്തിനും ഏതിനും കമ്മീഷൻ കൊടുക്കേണ്ടിവരുന്ന പഴയ ജയലളിത- ശശികല ടീമിന്റെ ഭരണത്തിന് സമാനമായ മാഫിയയാണ്, ഇപ്പോൾ തമിഴ്‌നാട്ടിലെ കിരീടം വെക്കാത്ത രാജാവായി വാഴുന്ന എം കെ സ്റ്റാലിന്റെ ഭരണത്തിലും നടക്കുന്നത് എന്ന് അണ്ണാമലൈ തെളിവ് സഹിതം വ്യക്തമാക്കിയപ്പോൾ, തകർന്നുപോയത് ദേശീയ മാധ്യമങ്ങൾ അടക്കം ഏറെ പുകഴ്ത്തിയ ഡിഎംകെ ഭരണത്തിന്റെ ഇമേജ് ആയിരുന്നു. ഒരു വേള സ്റ്റാലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വരെ ഉയർത്തിക്കാട്ടാൻ ‘ഇന്ത്യ’ എന്ന പ്രതിപക്ഷ സഖ്യത്തിൽ ആലോചനകൾ നടക്കവേയാണ് ഇടിത്തീയായി ഡിഎംകെ ഫയസ് പൊട്ടിവീണത്. അതിന് പിന്നാലെ പഴനിവേൽ ത്യാഗരാജന്റെ വകുപ്പുമാറ്റവും ഉണ്ടായി. ഇതെല്ലാം വെച്ച് അഴിമതിക്കെതിരെ കൊണ്ടുപിടിച്ച കാമ്പയിൻ ആണ് അണ്ണമലൈ നടത്തിയത്. ഒരു വേള തമിഴകത്തിന്റെ യഥാർത്ഥ പ്രതിപക്ഷ നേതാവ് എന്നും മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിക്കാൻ തുടങ്ങി. പക്ഷേ അതൊന്നും വോട്ടിൽ പ്രതിഫലിച്ചില്ല. ഇപ്പോൾ അണ്ണാമലൈയുടെ പ്രഖ്യാപിത ശത്രു മുഖ്യമന്ത്രി സ്റ്റാലിൻ ആണ്. അണ്ണാ സർവകലാശാല കാംപസിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ ഡിഎംകെ സർക്കാരിനെതിരെ ഞെട്ടിപ്പിക്കുന്ന പ്രതിഷേധമാണ് അണ്ണാമലൈ നടത്തിയത്. വീട്ടുമുറ്റത്ത് സ്വന്തം ശരീരത്തിൽ ചാട്ടവാർ കൊണ്ട് അടിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. തുടർന്ന് 48 ദിവസം വ്രതം എടുത്തു. ഡിഎംകെ സർക്കാർ അധികാരത്തിൽ നിന്നും ഇറങ്ങുന്നതുവരെ ചെരിപ്പ് ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ഇപ്പോൾ സ്റ്റാലിനെ താഴെയിറക്കുക, എന്നത് അണ്ണാമലൈയുടെ കൂടി ആവശ്യമാണ്. അതിനാലാണ് അദ്ദേഹം സ്വയം ഒഴിഞ്ഞ് എഐഎഡിഎംകെ സഖ്യത്തിന് തയ്യാറാവുന്നത്. സ്ഥാനമൊഴിഞ്ഞാലും തമിഴക ബിജെപി രാഷ്ട്രീയത്തിൽ അണ്ണാമലൈക്ക് നിർണ്ണയാക റോൾ ആയിരിക്കുമെന്നും ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *