Your Image Description Your Image Description

ലഖ്‌നൗ: ഉത്തർപ്രദേശിൽ വധൂവരന്മാരുടെ കുടുംബങ്ങൾ ‘ജൂട്ട ചുപൈ’ (ചെരുപ്പ് ഒളിപ്പിക്കൽ) ആചാരത്തെച്ചൊല്ലി തർക്കിച്ചതിനെത്തുടർന്ന് വിവാഹ വേദിയില്‍ തമ്മില്‍ തല്ലായി. ഉത്തര്‍ പ്രദേശിലെ ബിജ്നോറിലാണ് സംഭവം. വധുവിന്റെ വീട്ടുകാർ ചടങ്ങിന്റെ ഭാഗമായി തന്റെ ചെരുപ്പുകൾ ഒളിപ്പിച്ചപ്പോൾ വരൻ 50,000 രൂപയ്ക്ക് പകരം 5,000 രൂപ നൽകിയതോടെയാണ് പ്രശ്നം കൂടുതൽ വഷളായത്. തുക കുറഞ്ഞു പോയതിനെ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് വധുവിന്‍റെ വീട്ടുകാര്‍ വരനെ മുറിയില്‍ പൂട്ടിയിട്ട് തല്ലിയെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.

ഉത്തരാഖണ്ഡ് സ്വദേശിയായ മുഹമ്മദ് ഷബീറിനാണ് വധുവിന്‍റെ വീട്ടിലെ വിവാഹ ചടങ്ങിനിടെ ദുരനുഭവം ഉണ്ടായത്. ജൂട്ട ചുപൈ എന്ന ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. വധുവിന്‍റെ ബന്ധുക്കള്‍ വരന്‍റെ ഷൂ ഒളിപ്പിച്ച് വെക്കുകയും വരന്‍ പണം നല്‍കി അത് തിരികെ വാങ്ങുന്നതുമായ ഒരു ആചാരമാണ് ജൂട്ട ചുപൈ. വധുവിന്‍റെ സഹോദരിയാണ് സാധാരണയായി ഷൂ ഒളിച്ച് വെക്കുന്നത്. നോര്‍ത്ത് ഇന്ത്യന്‍ കല്ല്യാണങ്ങളിലെ വളരെ രസകരമായ ചടങ്ങുകളിലൊന്നാണിത്.

വധുവിന്‍റെ സഹോദരിയില്‍ നിന്ന് ഷൂ തിരികെ വാങ്ങിയാല്‍ മാത്രമേ വരന് മറ്റു ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ. വധുവിന്‍റെ സഹോദരി വരനോട് 50,000 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ 5,000 രൂപയാണ് വരന്‍ നല്‍കിയത്. ഇതോടെ പ്രശ്നങ്ങള്‍ ആരംഭിച്ചു. വധുവിന്‍റെ ബന്ധുക്കള്‍ വരനേയും കുടുംബക്കാരെയും അധിക്ഷേപിക്കാന്‍ ആരംഭിച്ചു. വരനെ യാചകന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നും മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്നുമാണ് വരന്‍റെ കുടുംബത്തിന്‍റെ ആരോപണം.

പ്രശ്നം വഷളായതോടെ പൊലീസ് ഇരുവിഭാഗക്കാരെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു. വിവാഹ സമയത്ത് ലഭിച്ച സ്വര്‍ണത്തിന്‍റെ ഗുണനിലവാരത്തെ കുറിച്ച് വരന്‍റെ ബന്ധുക്കള്‍ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത് എന്ന് വധുവിന്‍റെ കുടുംബം ആരോപിച്ചു. തുടർന്ന്, സംഭവത്തെക്കുറിച്ച് വിശദീകരിക്കാൻ ഇരു കുടുംബങ്ങളോടും ബിജ്‌നോറിലെ നജിബാബാദ് ഏരിയ ഓഫീസർ പറഞ്ഞു. ഉദ്യോഗസ്ഥർ നടന്ന സംഭവം മനസ്സിലാക്കിയ ശേഷം പ്രശ്നം രമ്യമായി പരിഹരിച്ചു. ‘ജൂട്ട ചുപൈ എന്ന ആചാരത്തെച്ചൊല്ലി രണ്ട് കക്ഷികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇപ്പോൾ രണ്ട് കുടുംബങ്ങൾളും ഒത്തുതീർപ്പിലെത്തി,’ ഉദ്യോഗസ്ഥൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *