Your Image Description Your Image Description

കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായ കാപ്പാട്- പെരിങ്ങളായി നീർത്തട പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയായ പ്രവൃത്തികളുടെ ഉദ്ഘാടനം രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കണ്ണൂരിന്റെ വികസന ചരിത്രത്തിൽ എഴുതപ്പെടുന്ന പ്രധാനപ്പെട്ട ഒരു ഏടാണ് കാനാമ്പുഴ നീർത്തട പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. 

കാപ്പാട് – പെരിങ്ങളായി, കൂടത്തുംതാഴെ – തയ്യിൽ, മുണ്ടയാട് – പടന്ന, തിലാനൂർ- ആദികടലായി എന്നിങ്ങനെ നാല് നീർത്തടങ്ങൾ ചേർന്നാണ് കാനാമ്പുഴ നദീതടം രൂപപ്പെടുന്നത്. അതിൽ ആദ്യ ഘട്ടമെന്ന നിലയിലാണ് മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നബാർഡിന്റെ ആർ.ഐ.ഡി.എഫ് ധനസഹായത്തോടെ കാപ്പാട് – പെരിങ്ങളായി നീർത്തട പദ്ധതിയിലെ വിവിധ പ്രവൃത്തികളുടെ നിർമാണം പൂർത്തീകരിച്ചത്. ചേലോറ മണ്ടോട്ട് വയൽ കുളം, തോടിന്റെ 580 മീറ്റർ സംരക്ഷണഭിത്തി, വിവിധ സ്ഥലങ്ങളിലെ 6004 തെങ്ങിൻതടം, മാച്ചേരി – പള്ളിപ്പൊയിൽ ഭാഗത്ത് രണ്ട് കോൺക്രീറ്റ് തടയണകൾ, 13 ചെങ്കൽ തടയണകൾ, 1908 ഫല വൃക്ഷതൈകൾ, 225 കിണർ റീചാർജിംഗ്, മൂന്ന് നടപ്പാലങ്ങൾ, 264 മൺ വരമ്പ് നിർമാണം, പത്ത് മഴക്കുഴികൾ എന്നീ പദ്ധതികളാണ് പൂർത്തീകരിച്ചത്. കണ്ണൂർ കോർപറേഷനിലെ 17, 18, 19, 20, 30 വാർഡുകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. 897.9 ഹെക്ടർ വിസ്തൃതിയുള്ള പദ്ധതിയുടെ അടങ്കൽ തുക 181.02 ലക്ഷം രൂപയാണ്.

കാനാമ്പുഴയുടെ ചില ഭാഗങ്ങളിൽ അനുഭവപ്പെടുന്ന വെള്ളപ്പൊക്കത്തിന് രൂക്ഷത കുറക്കുക,  ശുദ്ധജല ലഭ്യത വർധിപ്പിക്കുക, മാലിന്യങ്ങൾ നീക്കി എല്ലായ്പ്പോഴും പുഴയിൽ നീരൊഴുക്ക് ഉറപ്പ് വരുത്തുക, മണ്ണൊലിപ്പ് തടയുക, കൃഷിയുടെ ഉൽപാദന ക്ഷമത വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.
കാനാമ്പുഴയുടെ പുനരുജീവനത്തിനായി 2017 മുതൽ നടന്നുവരുന്ന ജനകീയ കൂട്ടായ്മ, സർക്കാറിന്റെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ എന്നിവ സംയോജിപ്പിച്ചാണ് പദ്ധതി മുന്നേറുന്നത്.

കണ്ണൂർ കോർപറേഷൻ  മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനായി. കൗൺസിലർമാരായ കെ. നിർമല, കെ. പ്രദീപൻ, മിനി അനിൽകുമാർ,  തളിപ്പറമ്പ് മണ്ണ് സംരക്ഷണ ഓഫീസർ വി.വി പ്രകാശൻ, നീർത്തട സമിതി ചെയർമാൻ എൻ. രാഘവൻ, നീർത്തട സമിതി അംഗങ്ങളായ കട്ടേരി നാരായണൻ, സി.സി ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *