Your Image Description Your Image Description

ബേപ്പൂര്‍ സംയോജിത ഉത്തരവാദിത്ത  ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ വിനോദയാത്ര സംഘടിപ്പിച്ചു. മാനാഞ്ചിറയില്‍ നിന്ന് ആരംഭിച്ച വിനോദ യാത്ര കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. 

ജില്ല കോര്‍ഡിനേറ്റര്‍ ശ്രീകല ലക്ഷ്മി, വനിതാ ടൂര്‍ സംഘാംഗങ്ങള്‍,  മറ്റ് ക്ഷണിതാക്കളും പരിപാടിയില്‍ പങ്കെടുത്തു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍, വനിതാ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വ്‌ലോഗര്‍മാര്‍, ബ്ലോഗർമാർ, എഴുത്തുകാര്‍ എന്നിവരടങ്ങുന്ന 15 അംഗ സംഘമാണ് യാത്രയുടെ ഭാഗമായത്.

തദ്ദേശീയ ഉത്പനങ്ങളും ജീവിതരീതികളും പ്രകൃതിയുമായുള്ള സമാഗമമായിട്ടാണ് വുമണ്‍സ് ഫെമിലിയറൈസേഷന്‍ യാത്ര രൂപകല്പന ചെയ്തത്. കടലുണ്ടി കണ്ടൽ കാടിനുള്ളിലൂടെയുള്ള ബോട്ടിംഗ്, ഗ്രാമജീവിത അനുഭവങ്ങള്‍, ചരിത്ര- ജലഗതാഗത ടൂറിസം, ചാലിയം, ബേപ്പൂര്‍ ബീച്ചുകള്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലേക്കുള്ള സമ്പന്നമായ അനുഭവങ്ങള്‍ ഈ യാത്ര നല്‍കിയതായി സഞ്ചാരികൾ പറഞ്ഞു.
സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ സഞ്ചാര സംരംഭങ്ങള്‍ ശക്തിപ്പെടുത്താനാണ് കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ ബേപ്പൂര്‍ സംയോജിത ഉത്തരവാദിത്ത  ടൂറിസം വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *