Your Image Description Your Image Description

ന്യൂഡൽഹി: ഐപിഎല്‍ സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയ പ്രകടനമായിരുന്നു ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചറിന്‍റേത്. ഒരു വിക്കറ്റുപോലും നേടാനാവാതെ 109 റണ്‍സ് വഴങ്ങിയ ആര്‍ച്ചര്‍ വലിയ വിമര്‍ശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. പക്ഷേ, സഞ്ജു സാംസണ്‍ ക്യാപ്റ്റനായെത്തിയ ഒറ്റ മത്സരത്തിലെ പ്രകടനം കൊണ്ട് ആര്‍ച്ചര്‍ വിമർശനങ്ങൾക്ക് മറുപടി കൊടുത്തു. ശനിയാഴ്ച പഞ്ചാബ് കിങ്‌സിനെതിരേ നാലോവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടിയ താരം രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

എന്നാൽ ആ മത്സരത്തിനിടെയുണ്ടായ കൗതുകകരമായ ഒരു കാഴ്ചയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് രാജസ്ഥാനാണ് ആദ്യം ബാറ്റിങ്ങിനിറങ്ങിയിരുന്നത്. 14-ാം ഓവറിനിടെ രാജസ്ഥാന്‍ റോയല്‍സിന്റെ ഡ്രസ്സിങ് റൂമില്‍ ബ്ലാങ്കറ്റ് പുതച്ച് ജോഫ്ര ആര്‍ച്ചര്‍ ഉറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പിന്നീട് ആര്‍ച്ചര്‍ ബാറ്റിങ്ങിനിറങ്ങുന്നതിന് വേണ്ടി ഹെല്‍മറ്റും ഗ്ലൗസും ധരിച്ച് നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍, നിശ്ചിത 20 ഓവറില്‍ നാലുവിക്കറ്റേ വീണിരുന്നുള്ളൂ എന്നതിനാല്‍ ആര്‍ച്ചറിന് ബാറ്റിങ്ങിനിറങ്ങേണ്ടി വന്നില്ല.

മത്സരത്തില്‍ 50 റണ്‍സിനാണ് രാജസ്ഥാൻ ജയിച്ചത്. ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ്, ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സേ നേടിയുള്ളൂ. 45 പന്തില്‍ 67 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാള്‍ ആണ് രാജസ്ഥാന്‍ നിരയിലെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ ടീമിന്റെ ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്. ഒന്നാം വിക്കറ്റില്‍ സഞ്ജുവും ജയ്‌സ്വാളും ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *