Your Image Description Your Image Description

ഭരിച്ച് മുടിക്കാൻ ഇനി പിണറായിക്കും കൂട്ടർക്കും ബാക്കി ഉള്ളത് വെറും 8 മാസങ്ങൾ മാത്രമാണ്, ഇതിനിടയിൽ 3 തെരഞ്ഞെടുപ്പുകൾ ആണ് സർക്കാരിന് മുന്നിൽ ഉള്ളത്. കുറഞ്ഞത് 4 മാസം എങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ ഉണ്ടാകും. അതുകൊണ്ട് തന്നെ നയപരമായ തീരുമാനം എടുത്ത് ഭരണം മുന്നോട്ട് കൊണ്ട് പോകാൻ ലഭിക്കുക പരമാവധി 8 മാസം മാത്രമാണ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ് , നിയമസഭ തെരഞ്ഞെടുപ്പ് എന്നിങ്ങനെ 3 തെരഞ്ഞെടുപ്പുകളാണ് സർക്കാരിന് മുന്നിൽ ഉള്ളത്.മെയ് മാസം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകും എന്നാണ് സൂചന. ഒക്ടോബറിൽ തദ്ദേശവും ഏപ്രിലിൽ നിയമസഭ തെരഞ്ഞെടുപ്പും നടക്കും. 2021 ൽ തുടർ വിജയം നേടി ചരിത്രം സൃഷ്ടിച്ച പിണറായി വിജയന് തൊട്ടതെല്ലാം പിഴയ്ക്കുന്ന കാഴ്ചയാണ് പിന്നിട് കണ്ടത്. തുടർഭരണം നേടി 6 മാസം കൊണ്ട് തന്നെ ജനങ്ങളെ മുഴുവൻ വെറുപ്പിച്ചു. സ്വന്തം കുഞ്ഞിനെ കിട്ടാൻ വേണ്ടി സമരം ചെയ്ത അനുപമ എന്ന അമ്മയുടെ പോരാട്ടം ആയിരുന്നു സർക്കാരിൻ്റെ മുന്നിലെ ആദ്യ പ്രശ്നം. ഭരണ സംവിധാനങ്ങൾ കുഞ്ഞിനെ അമ്മയിൽ നിന്ന് അകറ്റാൻ കൂട്ട് നിന്നപ്പോൾ മാധ്യമങ്ങളും പ്രതിപക്ഷവും അനുപമയോടൊപ്പം ഉറച്ച് നിന്നതോടെ കുഞ്ഞിനെ അനുപമക്ക് കിട്ടി. തൊട്ട് പിന്നാലെ സിൽവർ ലൈനും ആയി പിണറായി എത്തി. 2 ലക്ഷം കോടിയുടെ പ്രൊജക്ട് ആയിരുന്നു സിൽവർ ലൈൻ. ജനങ്ങളുടെ അനുമതിയില്ലാതെ അവരുടെ വീടുകളിൽ മഞ്ഞകുറ്റിയുമായി പിണറായിയുടെ ഉദ്യോഗസ്ഥർ മാർച്ച് നടത്തി. തടഞ്ഞവരെ നിഷ്ടൂരമായി മർദ്ദിച്ചു. പ്രതിപക്ഷം ജനത്തിനോടൊപ്പം പാറ പോലെ ഉറച്ച് നിന്ന് നിയമസഭയിലും പുറത്തും പ്രക്ഷോഭം ഉയർത്തി. തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് കാലത്ത് കെ റയിൽ വരും കേട്ടോ എന്ന പിണറായി പ്രസംഗത്തെ വോട്ടിലൂടെ ജനങ്ങൾ തള്ളി. റെക്കോഡ് ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിച്ചു. ലോകസഭയിൽ എൽ.ഡി എഫ് തവിട് പൊടിയായതോടെ സിൽവർ ലൈനിന് തൽക്കാലം പൂട്ട് വീണു. മറുവശത്ത് 2021 ൽ തകർന്ന് തരിപ്പണമായ യു ഡി എഫ് സതീശൻ്റേയും സുധാകരൻ്റേയും നേതൃത്വത്തിൽ ഉയർത്തെഴുന്നേറ്റു. തെരഞ്ഞെടുപ്പുകൾ ജയിക്കുന്ന ടീമാക്കി ഇരുവരും യു.ഡി എഫിനെ മാറ്റി. സതീശൻ്റെ ഇലക്ഷൻ മാനേജ്മെൻ്റ് കേരളത്തിൽ ചർച്ച വിഷയമായി. പി.വി അൻവർ ഇടഞ്ഞതും എൽ ഡി എഫിന് ക്ഷീണമായി. അൻവർ രാജി വച്ച നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയെ കിട്ടാതെ സി പി എം വിഷമിച്ച് നിൽക്കുന്ന സാഹചര്യം ആണ് ഉള്ളത്. നിലമ്പൂർ സ്വദേശിയായ സ്വരാജിന് പോലും നിലമ്പൂരിൽ മൽസരിക്കാൻ താൽപര്യമില്ല. താൻ മൽസരത്തിനില്ല എന്ന് സ്വരാജ് തുറന്ന് പറഞ്ഞു കഴിഞ്ഞതോടെ നിലമ്പൂർ ഫലം എന്താണ് എന്നറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമില്ല. ഇക്കാലയളവിൽ ഒരിക്കലും ഇല്ലാത്ത വിധം തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി എഫ് മുന്നിട്ട് നിന്നു. തദ്ദേശ ഫണ്ട് വ്യാപകമായി വെട്ടിക്കുറച്ച എൽ.ഡി.എഫ് സർക്കാർ നടപടിക്കെതിരെ യു.ഡി.എഫിൻ്റെ രാപകൽ സമരം ഇന്നും നാളെയും ആയി നടക്കുകയാണ്. ഒക്ടോബറിലെ തദ്ദേശ തെരഞ്ഞെടുപ്പിലും മേധാവിത്വം നേടാനാണ് യു.ഡി എഫ് ശ്രമം. അതിശക്തമായ ഭരണ വിരുദ്ധ വികാരമാണ് സംസ്ഥാനത്തുള്ളത്. ഇതിൻ്റെ ഗുണം ലഭിക്കുക യു.ഡി എഫിന് ആയിരിക്കും.
ഭരണ വിരുദ്ധ വികാരത്തിന് അപ്പുറമാണ് പിണറായി വിരുദ്ധ വികാരം. മകൾ വീണ വിജയൻ്റെ മാസപ്പടി കേരളത്തിലെ മുക്കിലും മൂലയിലും ചർച്ചയാണ്. മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് ആണ് ഭരണം നിയന്ത്രിക്കുന്നത് .അഴിമതി, ധൂർത്ത് , കെടുകാര്യസ്ഥത എന്നിവയാണ് സർക്കാരിൻ്റെ മുഖമുദ്ര. കറൻ്റ് ചാർജ് , വാട്ടർ ചാർജ്, ബസ് ചാർജ് , ബിൽഡിംഗ് ടാക്സ് , ഭൂനികുതി, മോട്ടോർ വാഹന നികുതി തുടങ്ങി ജനങ്ങളെ ബാധിക്കുന്ന എല്ലാ സേവനങ്ങൾക്കും കുത്തനെ ചാർജും നികുതിയും വർദ്ധിപ്പിച്ചു. ഒരു ബജറ്റിൽ മാത്രം 6000 കോടിയുടെ അധിക നികുതിയാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അടിച്ചേൽപ്പിച്ചത്. ക്ഷേമ പെൻഷൻ ഉൾപ്പെടെ എല്ലാ പെൻഷനുകളും ബാലഗോപാൽ കുടിശികയാക്കി. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് പിണറായിക്ക് പിന്നിൽ നിലയുറപ്പിച്ച ജീവനക്കാരും പെൻഷൻകാരും ഇത്തവണ പിണറായിയെ പൂർണ്ണമായും കൈവിട്ടു. ഒരു ലക്ഷം കോടിയുടെ ആനുകൂല്യങ്ങൾ ആണ് ഇവരുടെ ബാലഗോപാൽ തടഞ്ഞ് വച്ചിരിക്കുന്നത്. വിവാദങ്ങളും അഴിമതിയും അഹന്തയും ഒപ്പം കെ.വി. തോമസും രണ്ടാം പിണറായി സർക്കാരിൻ്റെ മുഖമുദ്രയായതോടെ തദ്ദേശത്തിന് പിന്നാലെയുള്ള നിയമസഭ തെരഞ്ഞെടുപ്പും എൽ.ഡി.എഫിന് ബാധ്യത ആകും. പ്രതിപക്ഷ കസേരയിൽ ഇരിക്കാൻ പിണറായി ഉണ്ടാകില്ല. പിണറായി യുഗത്തിന് തിരശീല വീഴുന്നു എന്ന് വ്യക്തം.

Leave a Reply

Your email address will not be published. Required fields are marked *