Your Image Description Your Image Description

ലണ്ടൻ: നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന സ്‌ത്രീക്ക് 25 വർഷത്തിന് ശേഷം ശിക്ഷ വിധിച്ച് കോടതി. 54കാരിയായ ജോഅൻ ഷാർക്കിയ്‌ക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. 25 വർഷങ്ങൾക്ക് മുമ്പ് കടുത്ത പ്രസവാനന്തര വിഷാദരോഗം ബാധിച്ച് തന്റെ നവജാത ശിശുവിനെ യുവതി കൊലപ്പെടുത്തുകയായിരുന്നു.1998 മാർച്ച് 14 ന് ചെഷയറിലെ വാറിംഗ്ടണിലുള്ള ഗള്ളിവേഴ്‌സ് വേൾഡ് തീം പാർക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ 25 വർഷത്തിന് ശേഷമാണ് കൊലപാതക വിവരം പുറത്തുവരുന്നത്. ഭർത്താവിൽ നിന്ന് പോലും ജോഅൻ ഇക്കാര്യം മറച്ചുവച്ചിരുന്നു. നവജാത ശിശു മരിക്കുമ്പോൾ 28 വയസ്സ് മാത്രമായിരുന്നു യുവതിയുടെ പ്രായം. രണ്ട് പതിറ്റാണ്ടിലേറെ കഴിഞ്ഞാണ് സ്വന്തം കുഞ്ഞിനോട് ചെയ്ത ക്രൂരത പുറംലോകമറിയുന്നത്.

മാലിന്യങ്ങൾ നിക്ഷേപിക്കുന്ന പെട്ടിക്കുള്ളിൽ രണ്ട് കവറുകൾ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. വേസ്റ്റ് ബിന്നിന് സമീപത്തുകൂടെ ഒരു യുവതി വളരെ വേഗം നടന്നുനീങ്ങുന്നത് കണ്ടവരുണ്ട്. സമീപത്തുണ്ടായിരുന്ന ഒരു നായ വേസ്റ്റ് ബിൻ നോക്കി കുരയ്‌ക്കാൻ തുടങ്ങിയതോടെ പൊലീസെത്തി പരിശോധിക്കുകയായിരുന്നു. ജനിച്ച് മൂന്നോ നാലോ മണിക്കൂർ മാത്രം പ്രായമുള്ള കുഞ്ഞായിരുന്നു അത്. ശരീരത്തിലാകെ രക്തം കട്ടപിടിച്ച് കിടക്കുന്ന രീതിയിൽ മുറിവുകളുണ്ടായിരുന്നു. കുഞ്ഞിനെ വായിൽ ടിഷ്യൂപേപ്പർ തിരുകിയിരുന്നു. ക്രൂരകൊലപാതകത്തിൽ പ്രതിയെ കണ്ടെത്താനായി നടത്തിയ അന്വേഷണം രണ്ടര പതിറ്റാണ്ട് പിന്നിട്ടപ്പോഴാണ് തെളിയുന്നത്. സംശയം തോന്നിയവരെയെല്ലാം ഡിഎൻഎ പരിശോധനയ്‌ക്ക് വിധേയമാക്കി. ഡിഎൻഎ സാമ്യം തോന്നിയതോടെ ജോഅൻ ഷാർക്കിയുടെ മൂത്തമകൻ മാത്യുവിനെ പൊലീസ് ദിവസങ്ങൾക്ക് മുമ്പ് കസ്റ്റഡിയിലെടുത്തു.

തുടർന്ന് ഇയാളുടെ മാതാപിതാക്കളായ ജോഅൻ ഷാർക്കിയുടെയും ഭർത്താവിന്റെയും ഡിഎൻഎ പരിശോധിച്ചു. ഇതിലൂടെ കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കൾ ഇവരാണെന്ന് കണ്ടെത്തി. തുടർന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. തന്റെ ഭർത്താവിന് ഇതേപ്പറ്റി യാതൊരു അറിവുമില്ലെന്നും കുറ്റം ചെയ്‌തത് താനാണെന്നും സ്‌ത്രീ പൊലീസിനോട് പറഞ്ഞു. ആദ്യപ്രസവത്തിന് പിന്നാലെ മാനസികമായി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. ഏറെ മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോയി.

എനിക്ക് ഇനി ഒരു കുഞ്ഞിന് കൂടി ജന്മം നൽകാൻ മനസായികമായി കഴിയില്ലായിരുന്നു. ആദ്യ പ്രസവത്തിലുണ്ടായ മാനസിക സമ്മർദ്ദം എന്നെ വല്ലാതെ ബാധിച്ചു. വീണ്ടും ഗർഭിണിയായപ്പോൾ ആ ഭയം വീണ്ടും മനസിലേക്കെത്തി. അതിനാലാണ് ജനിച്ചയുടൻ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും ജോഅൻ ഷാർക്കി പറഞ്ഞു. ഗർഭിണിയായിരുന്നെന്ന വിവരം ഭർത്താവിൽ നിന്നും മറച്ചുവച്ചുവെന്നും അവർ പൊലീസിന് മൊഴി നൽകി. കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ തനിക്ക് ദുഃഖമുണ്ടെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *