Your Image Description Your Image Description

ഇന്നത്തെ കാലത്ത് സ്മാർട്ട് ഫോണുകൾ ഇല്ലാത്തവരായി ആരും തന്നെ കാണില്ല. ജോലി സംബന്ധമായും ഒക്കെ ഒന്നിലധികം സ്‍മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നവരും ഉണ്ട്. അതിനാൽ എവിടെപ്പോയാലും നമ്മുടെ കയ്യിൽ സ്‌‍മാർട്ട്‌ഫോൺ ഉണ്ടാകും. സ്‌‍മാർട്ട്‌ഫോണിനൊപ്പം ബാഗും പേഴ്സും ഒക്കെ പിടിക്കാനുള്ള ബുദ്ധിമുട്ട് കാരണം അടിയന്തിര സാഹചര്യങ്ങളിൽ പണം ആവശ്യമായി വന്നാൽ ഉപയോഗിക്കാനായി ചിലരൊക്കെ സ്മാർട്ട്‌ഫോൺ ഹാൻഡ്‌സെറ്റിന്‍റെ പിൻ കവറിനടിയിൽ കറൻസികളും കുറിപ്പുകളും എടിഎം കാർഡുകളും സൂക്ഷിക്കുന്നത് കാണാം. എന്നാൽ ഇങ്ങനെ ചെയ്യുന്നത് വളരെ അപകടകരമാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത് ഇങ്ങനെ ചെയ്യുന്നത് വലിയ അപകടങ്ങളിലേക്ക് നയിച്ചേക്കാം.

വേനൽക്കാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങൾ അമിതമായി ചൂടാകുന്നതും പൊട്ടിത്തെറിക്കുന്നതും സംബന്ധിച്ച വാർത്തകൾ നാം കേള്‍ക്കാറുണ്ട്. ആളുകൾ ഇത്തരം ഉപകരണങ്ങൾ വളരെ അശ്രദ്ധമായി ഉപയോഗിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പലരും ഫോൺ കവറിൽ പണമോ കാർഡുകളോ മറ്റ് വസ്‍തുക്കളോ സൂക്ഷിക്കുന്നു. ഈ ശീലം നിങ്ങളുടെ ഫോണിന് ഗുരുതരമായ കേടുപാടുകൾ വരുത്തും. ഉപയോഗത്തിന് അനുസരിച്ച് സ്‍മാർട്ട്‌ഫോണുകൾ ചൂടാകും. എന്നാൽ പിൻ കവറിൽ ഒരു കുറിപ്പോ കാർഡോ സൂക്ഷിക്കുന്നത് കാരണം ഈ ചൂട് ശരിയായ വിധത്തിൽ പുറത്തുപോകാൻ സാധിക്കുന്നില്ല. ഇത് ഫോൺ അമിതമായി ചൂടാകാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത വർധിപ്പിക്കുന്നു.

ഇതിനുപുറമെ, ഗെയിമിംഗ് അല്ലെങ്കിൽ വീഡിയോ സ്ട്രീമിംഗ് പോലുള്ള കനത്ത പ്രോസസിംഗ് ഫോണിൽ നടക്കുമ്പോൾ, ഉപകരണത്തിൽ നിന്ന് കൂടുതൽ ചൂട് ഉത്പാദിപ്പിക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, പിൻ കവറിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ ഫോൺ തണുപ്പിക്കുന്നതിന് തടസങ്ങൾ സൃഷ്ടിക്കുന്നു. ഇത് ഫോണിന്‍റെ പ്രകടനത്തെയും ബാധിക്കുന്നു. പിൻ കവറിൽ ഒരു കാർഡോ കുറിപ്പോ സൂക്ഷിക്കുന്നത് ഫോണിന്‍റെ ആന്‍റിനയെയും ബാധിച്ചേക്കാം. ഇത് സിഗ്നലിനെ ദുർബലപ്പെടുത്തുകയും കോൾ ഡ്രോപ്പുകൾക്ക് കാരണമാകുകയും ഒപ്പം ഇന്‍റർനെറ്റ് മന്ദഗതിയിലാക്കുകയോ ചെയ്യും.

കൂടാതെ, നിങ്ങളുടെ ഫോൺ ഇടയ്ക്കിടെ കുറഞ്ഞ നെറ്റ്‌വർക്ക് കവറേജിലേക്ക് പോകുകയും ചെയ്യും. അമിതമായ ചൂട് ഫോണിന്‍റെ ബാറ്ററിയെ നേരിട്ട് ബാധിക്കുന്നു. ഇത് ബാറ്ററി പെട്ടെന്ന് കേടാകാൻ കാരണമാകും, അല്ലെങ്കിൽ പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂട്ടുകയും ചെയ്യും. ഈ പ്രശ്‍നം ഒഴിവാക്കാൻ കറൻസികൾ, എടിഎം കാർഡുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും വസ്‍തുക്കൾ എന്നിവ സ്‍മാർട്ട്‌ഫോണിന്‍റെ കവറിൽ സൂക്ഷിക്കരുത്. പ്രത്യേകിച്ച് വേനൽക്കാലത്ത് ഫോൺ തണുത്തതും വായുസഞ്ചാരമുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കുക. ഫോൺ അമിതമായി ചൂടാകുന്നുണ്ടെങ്കിൽ കുറച്ചു സമയത്തേക്ക് അത് ഉപയോഗിക്കുന്നത് നിർത്തിവയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *