Your Image Description Your Image Description

കൊച്ചി: തൊഴിലിടത്ത് ജീവനക്കാരെ പീഡിപ്പിച്ചെന്ന ആരോപണം നേരിട്ട ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിന്റെ പെരുമ്പാവൂർ ഓഫീസിൽ മുൻപും പീഡനം നടന്നിട്ടുണ്ടെന്ന് വിവരം. യുവതിയുടെ പരാതിയിൽ തൊഴിലുടമ ഉബൈലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഡിസംബറിലായിരുന്നു പോലീസ് നടപടി. ടാർഗറ്റ് പൂർത്തീകരിച്ചാൽ വൻ തുക നൽകാമെന്നായിരുന്നു വാഗ്ദാനം.

ടാർഗറ്റ് അച്ചീവ് ചെയ്തില്ലെന്ന പേരിലുണ്ടായ പീഡനമാണ് മറ്റൊന്ന്. കഴിഞ്ഞ മാസവും തൊഴിൽ പീഡനം സംബന്ധിച്ച് പൊലീസിന് പരാതി നൽകിയിരുന്നു. സ്ഥാപനം വിട്ട നാല് യുവാക്കളാണ് പൊലീസിന് പരാതി നൽകിയത്. ഇതിൽ കേസെടുത്തിട്ടില്ല.

അതേസമയം, ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് ഉടമ ജോയ് ജോസഫിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തി. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന തൊഴിൽ പീഡനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പത്തിരുപത് വർഷമായി കലൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഹിന്ദുസ്ഥാൻ പവർ ലിങ്ക്‌സ്. ടാർഗറ്റ് പൂർത്തിയാകാത്തവരോടാണ് മാനേജരുടെ ക്രൂര പീഡനം. പീഡനത്തിന്റെ ദൃശ്യങ്ങൾ മേൽത്തട്ടിലുള്ള ഉദ്യോഗസ്ഥർക്കും അയച്ചു നൽകും. ആറ് മാസത്തെ ട്രെയിനിങ് എന്ന് പറഞ്ഞ് ജോലിയിൽ പ്രവേശിപ്പിക്കുന്നവർക്കെതിരെയാണ് ഈ ക്രൂര പീഡനം.

കഴുത്തിൽ ബെൽറ്റിട്ട് നായ്ക്കളെ പോലെ നടത്തിക്കുക, നായ്ക്കളെ പോലെ ഭക്ഷണം കഴിപ്പിക്കുക, വായിൽ ഉപ്പ് വാരിയിട്ട് തുപ്പാൻ അനുവദിക്കാതിരിക്കുക, നിലത്ത് നിന്ന് ഭക്ഷണം നക്കിപ്പിക്കുക തുടങ്ങിയ പീഡനങ്ങളാണ് തൊഴിലാളികൾക്ക് നേരെ നടക്കുന്നത്. പല വീടുകൾ കയറി സാധങ്ങൾ വിൽക്കുകയാണ് തൊഴിലാളികളുടെ ടാർഗറ്റ്. എന്നാൽ ടാർഗറ്റ് പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യങ്ങളുണ്ടാകാറുണ്ട്. അതിന് ശേഷം ഓഫീസിലെത്തുന്നവരെ പീഡിപ്പിക്കും. തൊഴിലാളികളുടെ മുഖത്തടക്കം ക്രൂര പീഡനങ്ങളാണ് ഇവർ നടത്തുന്നത്.

പത്രത്തിലെ പരസ്യം കണ്ടാണ് പലരും ജോലിക്ക് വരുന്നത്. അഭിമുഖത്തിന്റെ സമയത്ത് ആറ് മാസം ട്രെയിനിങ്ങും 8000-10000 വരെ ശമ്പളം നൽകുമെന്നും വാഗ്ദാനം ചെയ്യും. എന്നാൽ ജോലിക്ക് കയറിയതിന് ശേഷം ശമ്പളമില്ലെന്നാണ് മാനേജർമാർ പറയുന്നത്. ശമ്പളം ചോദിച്ചാൽ സ്‌റ്റൈപ്പന്റ് നൽകാനേ പറ്റൂ എന്നാണ് മാനേജർമാർ പറയുന്നതെന്നും തൊഴിലാളികൾ പറയുന്നു. ട്രെയിനിങ് കഴിഞ്ഞാൽ ഉയർന്ന വരുമാനം ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് പലരും പിടിച്ചു നിന്നതെന്നും എന്നാൽ ആറ് മാസം കഴിഞ്ഞിട്ടും ട്രെയിനിങ് പിരീഡിൽ നിന്ന് മാറ്റുന്നില്ലെന്നും അവർ പറഞ്ഞു. ഉപദ്രവിക്കാൻ വേണ്ടി മാത്രം കമ്പനിയിൽ മാനേജർമാരുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *