Your Image Description Your Image Description

പ്രേക്ഷക സ്വീകാര്യത നേടിയ ക്രിയേറ്റേഴ്സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘വാഴ’. വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച സിനിമയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ വാഴ 2 ബയോപിക് ഓഫ് ബില്യൺ ബ്രോസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. വാഴ 2 പൂജ ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് ഇപ്പോൾ. സമൂഹമാധ്യമങ്ങളിലെ മിന്നും താരങ്ങളായ ഹാഷിറും ടീമുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ‌

അതേസമയം വാഴ ചിത്രത്തിൻ്റെ അവസാനത്തിൽ ഹാഷിറും ടീം നായകരാകുന്ന രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. പിന്നാലെ വാഴയുടെ തിരക്കഥാകൃത്ത് വിപിൻ ദാസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. നവാഗതനായ സവിൻ എസ് എ യുടെ സംവിധാനത്തിൽ വിപിൻ ദാസ് ആണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റിലായിരുന്നു വാഴ റിലീസ് ചെയ്തത്.

വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 40 കോടിയോളം നേടിയിരുന്നു. സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *