Your Image Description Your Image Description

ഇടുക്കി : കലാ – കായിക രംഗത്ത് യുവാക്കളുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഏപ്രില്‍ 8 മുതല്‍ 11 വരെ കോതമംഗലത്ത് നടക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ തീം സോങ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിക്കെതിരെയുള്ള വലിയ പോരാട്ടത്തിലാണ് നമ്മള്‍. പരിശോധനകള്‍ക്കും നിയമനടപടികള്‍ക്കും പുറമെ സമൂഹത്തിന്റെ ആകെ ശ്രദ്ധ ഈ വിഷയത്തില്‍ ആവശ്യമാണ്. കക്ഷി- രാഷ്ട്രീയ, മത – സാമുദായിക ഭേദമില്ലാതെ ഒറ്റക്കെട്ടായി നിന്നാലെ ലഹരി എന്ന വിപത്തിനെ നേരിടാന്‍ കഴിയൂ. യുവതീ – യുവാക്കളെ കലാ- കായിക വിനോദങ്ങളിലേക്ക് പരമാവധി കൊണ്ടുവരണം. തെറ്റായ പ്രവണതകളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ അതുവഴി കഴിയും.

മികച്ച രീതിയില്‍ ആണ് കേരളോത്സവത്തിന്റെ സംഘാടനം കോതമംഗലത്ത് പുരോഗമിക്കുന്നതെന്നും മേളയ്ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നു എന്നും അദ്ദേഹം പറഞ്ഞു. തീം സോങ്ങിന്റെ രചന ബി.കെ ഹരിനാരായണനും സംഗീതം ബിജിപാലുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

സംഘാടക സമിതി ഓഫീസില്‍ നടന്ന പ്രകാശന ചടങ്ങില്‍ ആന്റണി ജോണ്‍ എം.എല്‍.എ അധ്യക്ഷനായി. കോതമംഗലം നഗരസഭാ ചെയര്‍മാന്‍ കെ.കെ ടോമി, യുവജനക്ഷേമ ബോര്‍ഡ് അംഗം റോണി മാത്യു, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി, കീരംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി ഗോപി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എ നൗഷാദ്,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ.എ ജോയി, മാര്‍ട്ടിന്‍ സണ്ണി, എന്‍.സി ചെറിയാന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍.പ്രജിഷ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *