Your Image Description Your Image Description

ആലപ്പുഴ : പുഴയിലും കായലിലും മറ്റു ജലസ്രോതസ്സുകളിലും കക്കൂസ്മാലിന്യം ഒഴുക്കിവിടുന്നത് തടയാന്‍ തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് ഒരുക്കുന്നത് പുതുവഴികള്‍. അഷ്ടമുടി കായലിന്റെ തീരത്ത് നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട തെക്കുംഭാഗത്തിന് അനുയോജ്യമായ സംസ്‌കരണമാതൃകയാണ് നടപ്പിലാക്കുന്നത്.

ജില്ലാ പഞ്ചായത്തുമായി കൂടിയാലോചിച്ച് ‘ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി’ എന്ന സംയുക്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നാംഘട്ടമായി സെപ്റ്റിക് ടാങ്കുകള്‍ നിര്‍മിച്ചു. നിശ്ചിത വരുമാനത്തില്‍താഴെയുള്ള കുടുംബങ്ങള്‍ക്ക് 20,000 രൂപ വീതം നല്‍കി.

ജില്ലാപഞ്ചായത്തിന്റെ 35 ലക്ഷം രൂപയും പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപയും ചെലവിട്ട് 200 കുടുംബങ്ങള്‍ക്കായി കക്കൂസ്മാലിന്യ ഔട്ട്ലെറ്റുകള്‍ മാറ്റി സ്ഥാപിച്ചു. തുടര്‍വര്‍ഷം പഞ്ചായത്ത് ഫണ്ടില്‍നിന്ന് നാല് ലക്ഷം രൂപ കൂടി ചെലവിട്ട് 20 കുടുംബങ്ങളുടെ ഔട്ട്ലെറ്റുകള്‍ കൂടി മാറ്റിസ്ഥാപിച്ചു. തൊട്ടടുത്ത വര്‍ഷങ്ങളിലായി ആകെ 291 കുടുംബങ്ങള്‍ക്ക് സെപ്റ്റിക് ടാങ്ക് ഒരുക്കുകയും ചെയ്തു. ശാസ്ത്രീയമായ പ്രീ ഫാബ്രിക്കേറ്റഡ് സിന്തറ്റിക് സെപ്റ്റിക് ടാങ്കുകളാണ് നല്‍കിയത്.വെള്ളക്കെട്ടുള്ളതിനാല്‍ സെപ്റ്റിക് ടാങ്കുകള്‍ സ്ഥാപിക്കാന്‍ കഴിയാത്ത 67 കുടുംബങ്ങള്‍ക്ക് ശുചിത്വ മിഷന്റെ റൂറല്‍ ഫണ്ടില്‍നിന്ന് 50,000 രൂപ വിലവരുന്ന ബയോഡൈജസ്റ്റര്‍ നല്‍കി.

ഹൈദരാബാദിലെ സുബ്ര ബയോടെക് കമ്പനിയുമായി കരാറിലെത്തിയാണ് സ്ഥാപിച്ചത്. പഞ്ചായത്ത് അംഗങ്ങളുടെ ഇടപെടലുകളിലൂടെയും ബോധവത്കരണത്തിലൂടെയുമാണ് പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചത്.മൂന്ന് അറകളോടുകൂടിയ സെപ്റ്റിക് ടാങ്കാണ് വേണ്ടതെങ്കിലും പഞ്ചായത്തിലെ പല വീടുകളിലും ഒറ്റക്കുഴി കക്കൂസാണ് നിര്‍മിച്ചിട്ടുള്ളത്.പഞ്ചായത്ത് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ഒറ്റക്കുഴി ഇരട്ടക്കുഴി ആക്കാന്‍ നിശ്ചിതവരുമാനത്തില്‍ താഴെയുള്ളവര്‍ക്ക് പഞ്ചായത്ത് ധനസഹായം നല്‍കിവരുന്നുമുണ്ട്. മാലിന്യസംസ്‌കരണ പ്ലാന്റുകള്‍കൂടി നിര്‍മിച്ചാലേ പദ്ധതി പൂര്‍ണമാകൂ എന്ന നിലപാടിലാണ് പഞ്ചായത്ത്. സ്ഥലലഭ്യതയാണ് പ്രധാന വെല്ലുവിളി. സ്ഥലം കണ്ടെത്തുന്നതിനുള്ള നിരന്തര പരിശ്രമത്തിലാണ് പഞ്ചായത്തിപ്പോള്‍ എന്ന് പ്രസിഡന്റ് തങ്കച്ചി.

Leave a Reply

Your email address will not be published. Required fields are marked *