Your Image Description Your Image Description

ന്യൂഡൽഹി: ജബൽപൂരിൽ മലയാളി വൈദികരെ ആക്രമിച്ച സംഭവത്തിൽ ഒടുവിൽ കേസെടുത്തു. സംഭവം നടന്ന് 4 ദിവസം പിന്നിട്ടപ്പോൾ ആണ് പോലീസ് കേസെടുക്കുന്നത്. സംഭവത്തിൽ മധ്യപ്രദേശ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും, കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ജബൽപൂർ എസ്പി അറിയിച്ചു. ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് കേസെന്നും ജബൽപൂർ എസ്പി സതീഷ് കുമാർ സാഹു പറഞ്ഞു. കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് വൈദികർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് നടപടി.

വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകരാണ് മലയാളി വൈദികരെ മർദിച്ചത്. പൊലീസ് സ്റ്റേഷനകത്ത് ഉദ്യോഗസ്ഥരുടെ മുന്നിൽ ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ ദൃശ്യങ്ങളടക്കം ശക്തമായ തെളിവുകളുണ്ടായിട്ടും നാല് ദിവസവും കേസെടുക്കാതെ നടപടികൾ വൈകിപ്പിക്കുകയായിരുന്നു ജബൽപൂർ പൊലീസ്. സംഭവം വിവാദമായിട്ടും കേസെടുക്കാതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പോലീസിന്. ഒന്നാം തീയതി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മണ്ട്ലയിൽനിന്നും ജബൽപൂരിലെ പള്ളികളിലേക്ക് പോയ വിശ്വാസി സംഘത്തെയാണ് വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ബലമായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

വിവരമറി‍ഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ മലയാളി വൈദികരായ ഫാദർ ഡേവിസ് ജോർജ്, ഫാദർ ടി ജോർജ് എന്നിവരെയാണ് സ്ത്രീകളടങ്ങുന്ന സംഘം പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിലിട്ട് മർദിച്ചത്. പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം വിഷയം ഇന്നലെ നിരന്തരം ഉന്നയിച്ചിരുന്നു. സംഭവത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ക്ഷുഭിതനായി.

Leave a Reply

Your email address will not be published. Required fields are marked *