Your Image Description Your Image Description

മ്യാന്മാർ: കഴിഞ്ഞ വെള്ളിയാഴ്ച മ്യാൻമറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മരണസംഖ്യ 3,000 കവിഞ്ഞു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയ്ക്ക് സമീപമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശികസമയം ഉച്ചയ്ക്ക് 12.50-ഓടെയാണ് ഭൂചലനമുണ്ടായത്. 6.8 ത്രീവ്രത രേഖപ്പെടുത്തിയതുള്‍പ്പെടെ ആറ് തുടര്‍ചലനങ്ങളുമുണ്ടായി. ഇതേതുടർന്ന് 500 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ഉപരിതല വിള്ളൽ ഉണ്ടാകാൻ ഇടയായി.

ഒരു നൂറ്റാണ്ടിനിടെ മ്യാന്‍മറിനെ ബാധിച്ച ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നായിരുന്നു ഇത്. ഏകദേശം 2.8 കോടി ആളുകള്‍ താമസിക്കുന്ന പ്രദേശത്ത് വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിവച്ചു. ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ തകര്‍ന്നു, കെട്ടിടസമുച്ഛയങ്ങള്‍ നിലംപൊത്തി. തായ്ലന്‍ഡ്, ചൈന, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മ്യാന്‍മാറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് ഭൂകമ്പം കനത്തനാശംവിതച്ചത്. മാന്‍ഡലെയ്ക്ക് സമീപമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തിന് പിന്നാലെ ഇവിടെ ഭൗമോപരിതലത്തില്‍ വലിയ വിള്ളലും രൂപപ്പെട്ടു.

500 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നതാണ് ഈ വിള്ളല്‍. ഉയര്‍ന്ന റെസല്യൂഷന്‍ ഉപഗ്രഹചിത്രങ്ങളില്‍ ഈ വിള്ളല്‍ വ്യക്തമാണ്. അഞ്ച് മീറ്റര്‍ വരെ ആഴമുള്ളവയാണ് വിള്ളലെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഴക്ക്-പടിഞ്ഞാറ്, വടക്ക്-തെക്ക് ദിശകളിലായി വലിയ തോതിലുള്ള തിരശ്ചീന സ്ഥാനചലനങ്ങള്‍ ചിത്രങ്ങളില്‍ വ്യക്തമാണ്. ഇത് വിള്ളലിന്റെ തോത് എടുത്തുകാണിക്കുന്നു. മാന്‍ഡലെയ്ക്ക് സമീപമാണ് കൂടുതല്‍ വിള്ളലുകള്‍ കണ്ടെത്തിയത്. ജനസാന്ദ്രത ഏറെയുള്ള ഈ പ്രദേശത്തെ ദുരന്തത്തിന്റെ തീവ്രത അടിവരയിടുന്നതാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭൂകമ്പ തരംഗങ്ങളേക്കാൾ വേഗത്തിൽ വിള്ളൽ ഉണ്ടായ സാഹചര്യത്തിൽ നാശത്തിന്റെ ആക്കം വർദ്ധിപ്പിക്കുകയും പ്രതീക്ഷിച്ചതിലും കൂടുതൽ ദൂരങ്ങളിൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. അതേസമയം ആഭ്യന്തര സംഘർഷവും ഇപ്പോൾ ഭൂകമ്പവും മൂലം വഷളായിക്കൊണ്ടിരിക്കുന്ന മ്യാൻമറിൽ തുടരുന്ന മാനുഷിക പ്രതിസന്ധി, ദുരിതബാധിതരുടെ അടിയന്തര ആവശ്യങ്ങൾ പരിഹരിക്കുന്നതിനും തകർന്ന പ്രദേശങ്ങൾ പുനർനിർമ്മിക്കുന്നതിനും അന്താരാഷ്ട്ര പിന്തുണയുടെ ആവശ്യകതയെ എടുത്ത് കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *