Your Image Description Your Image Description

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ പ്രതി ചേർത്ത സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസിൽ വീണ വിജയനെ അറസ്റ്റ് ചെയ്തേക്കില്ല. അന്വേഷണം പൂര്‍ത്തിയായി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ അറസ്റ്റിനുള്ള വ്യവസ്ഥയില്ലെന്നാണ് എസ്എഫ്‌ഐഒ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. നേരത്തേ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഇടപാടുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തിലും വീണയെ പ്രതിചേര്‍ത്തിട്ടുണ്ട്.

വ്യാഴാഴ്ചയാണ് എസ്എഫ്‌ഐഓ, കുറ്റപത്രം എറണാകുളം ജില്ലാകോടതിയില്‍ സമര്‍പ്പിച്ചത്. ഈ കുറ്റപത്രം ഇനി എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിക്കുന്നത്. എസ്എഫ്‌ഐഓ നല്‍കിയ കുറ്റപത്രം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണോയെന്ന പരിശോധന ആ ഘട്ടത്തിലാണ് നടക്കുക. കുറ്റം നിലനിലനിൽക്കുന്നതാണെന്ന് കോടതിക്ക് ബോധ്യപ്പെടേണ്ടതുണ്ട്. തുടർന്ന് മാത്രമേ വീണ വിജയനുള്‍പ്പെടെയുള്ളവര്‍ നിയമപരമായി പ്രതിചേര്‍ക്കപ്പെടുമോ എന്ന കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ. അതിന് ശേഷമേ വിചാരണ നേരിടേണ്ടതായുള്ളൂ.

യാതൊരു സേവനവും നല്‍കാതെ വീണയുടെ കമ്പനിയായ എക്‌സാലേജിക് സിഎംആര്‍എല്ലില്‍നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്എഫ്‌ഐഒ അന്വേഷണത്തിലെ കണ്ടെത്തല്‍. വീണയെ കൂടാതെ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്ലിലെ മറ്റുചില ഉദ്യോഗസ്ഥര്‍, സിഎംആര്‍എല്‍, എക്‌സാലോജിക് കമ്പനി എന്നിവരും കേസില്‍ പ്രതികളാണ്. പത്തുവര്‍ഷംവരെ തടവുലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

സിഎംആര്‍എല്ലിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകളും എസ്എഫ്‌ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 182 കോടി രൂപ രാഷ്ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പെടെ കമ്പനി വകമാറ്റി നല്‍കിയെന്നാണ് കണ്ടെത്തല്‍. ശശിധരന്‍ കര്‍ത്തയുടെ മരുമകന്‍ അനില്‍ ആനന്ദപ്പണിക്കര്‍ക്ക് 13 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ വകമാറ്റി നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *