Your Image Description Your Image Description

നവീകരിച്ച കാഞ്ഞിരം -മലരിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ടൂറിസം രംഗത്ത് മികച്ച അടിസ്ഥാന സൗകര്യമൊരുക്കുമെന്ന സർക്കാർ നിലപാടാണ് യാഥാർഥ്യമായിരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. കേരളം അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ ഹബ്ബായി മാറിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മലരിക്കലിൽ നടന്ന ചടങ്ങിൽ സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു. സഞ്ചാരയോഗ്യമായ പാത നാടിൻ്റെ വികസനത്തിന് എത്ര പ്രാധാന്യമാണെന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ പാതയെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
കാഞ്ഞിരം പാലം മുതൽ മലരിക്കൽ വരെയുള്ള 1.4 കിലോമീറ്റർ നീളമുള്ള റോഡ് നബാർഡ് ഫണ്ടിൽ നിന്ന് അഞ്ചുകോടി രൂപ ചെലവിട്ട് ബിഎംബിസി നിലവാരത്തിൽ ആധുനിക രീതിയിലാണ് നവീകരിച്ചത്. മലരിക്കലിൽ ഗ്രാമീണ ടൂറിസത്തിൻ്റെ സാധ്യതകൾ വിപുലമാക്കുന്നതിൻ്റെ കൂടി ഭാഗമായി സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ സർക്കാരിന് സമർപ്പിച്ച പദ്ധതിയെ തുടർന്നാണ് നബാർഡ് ഫണ്ട് വഴി റോഡ് വികസനത്തിന് പണം അനുവദിച്ചത്.
മലരിക്കൽ ആമ്പൽ ഫെസ്റ്റ് നടക്കുന്ന സമയങ്ങളിൽ റോഡിന്റെ വീതിക്കുറവ് വിനോദ സഞ്ചാരികൾ അടക്കമുള്ളവർക്കു ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശമായതിനാൽ മഴക്കാലത്തു ഗതാഗത തടസവും ഉണ്ടാകാറുണ്ട് . ഈ പ്രശ്‌നങ്ങൾക്കാണ് റോഡ് ഉയർത്തി ആധുനികരീതിയിൽ പണിതീർത്തു ശാശ്വത പരിഹാരമൊരുക്കിയത്.
വെള്ളപ്പൊക്കത്തെ മറികടക്കാൻ റോഡ് നിലവിലെ മൂന്നര മീറ്ററിൽനിന്ന് അഞ്ച് മീറ്ററായി ഉയർത്തി. ആമ്പൽ ഫെസ്റ്റ് നടക്കുന്ന പ്രധാന ടൂറിസം പ്രദേശങ്ങളിൽ 640 മീറ്റർ ദൂരം റോഡിന്റെ വശങ്ങളിൽ മണ്ണിട്ടുയർത്തി 12 മീറ്റർ വീതിയിൽ റോഡിന് സ്ഥലലഭ്യത ഉറപ്പുവരുത്തി. ഈ ഭാഗം പാർശ്വഭിത്തി കെട്ടി സംരക്ഷിച്ചിട്ടുമുണ്ട്. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള റോഡ് മാർക്കിംഗ്, ക്രാഷ് ബാരിയർ, സൈൻ ബോർഡുകൾ, ഡെലിനേറ്റർ പോസ്റ്റുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
ജെ-ബ്ലോക്ക്, തിരുവായ്ക്കരി നെൽപ്പാടങ്ങളിൽ 2800 ഏക്കർ വിസ്തൃതിയുള്ള സ്ഥലത്താണ് ആമ്പൽ കൂട്ടമായി വിരിയുന്നത്. തദ്ദേശീയ ജനതയ്ക്ക് ടൂറിസത്തിലൂടെ മികച്ച വരുമാനം ലഭിക്കുന്ന ജല ടൂറിസം പദ്ധതിയാണ് വർഷാവർഷം നടക്കുന്ന ആമ്പൽ ഫെസ്റ്റ്. ജില്ലയിലെപ്രധാന നെൽകൃഷി പ്രദേശമായതിനാൽ കർഷകർക്കും റോഡ് ഏറെ പ്രയോജനം ചെയ്യും.
ചടങ്ങിൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഒ എസ് അനീഷ് , വൈസ് പ്രസിഡൻ്റ് ജയ സജിമോൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജയൻ കെ മേനോൻ, കെ സുമേഷ് കുമാർ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എം ബിന്നു ,സ്ഥിരം സമിതി അധ്യക്ഷനായ സി ടി രാജേഷ് , കെ ആർ അജയ്, മീനച്ചിലാർ മീനന്തറയാർ നദി പുനസംയോജന പദ്ധതി കോഡിനേറ്റർ അഡ്വ. കെ അനിൽകുമാർ , പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ ജോസ് രാജൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി ബി വിമൽ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *