Your Image Description Your Image Description

കാക്കനാട് സിവിൽ സ്റ്റേഷനിൽ പുതിയതായി സ്ഥാപിക്കുന്ന ബയോ ഗ്യാസ് പ്ലാന്റിന്റെ നിർമ്മാണ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് നിർവഹിച്ചു. ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി തൃക്കാക്കര നഗരസഭയുടെ സഹകരണത്തോടെ 20 ലക്ഷം രൂപ ചെലവിലാണ് പ്ലാന്റ് നിർമ്മിക്കുന്നത്. 

മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയോട് അനുബന്ധിച്ച് വിപുലമായ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടന്നുവരുന്നതെന്നും ആ ഉദ്യമത്തിൽ സിവിൽ സ്റ്റേഷനിലെ പുതിയ ബയോഗ്യാസ് പ്ലാന്റ് മുതൽക്കൂട്ടാകുമെന്നും കളക്ടർ പറഞ്ഞു.

പ്രതിദിനം 200 കിലോ ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്റ് ഒരു മാസത്തിനുള്ളിൽ യാഥാർത്ഥ്യമാകും. അതോടെ സിവിൽ സ്റ്റേഷനിലെ മുഴുവൻ ജൈവമാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കാൻ കഴിയും.

ചടങ്ങിൽ തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള, വൈസ് ചെയർമാൻ അബ്ദു ഷാന,നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പ്ലാശേരി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്മിത സണ്ണി, നഗരസഭാ കൗൺസിലർമാരായ ഉണ്ണി കാക്കനാട്, വി.ഡി സുരേഷ്, ഹസീന ഉമ്മർ, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ കെ.ജെ ജോയ്, നവകേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ എസ്. രഞ്ജിനി, ശുചിത്വ മിഷൻ ജില്ലാ കോ ഓഡിനേറ്റർ എസ്. ലിജുമോൻ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *