Your Image Description Your Image Description

തിരുവനന്തപുരം: വിദേശ-ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുകളുടെ സംയോജനം നിഷേധിച്ച് മോട്ടോർവാഹനവകുപ്പ്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം കൂട്ടിച്ചേർക്കലിന് അനുമതി നൽകാറുണ്ടെങ്കിലും ഇവിടെ നിഷേധിക്കുന്നത് കാരണം നൂറുകണക്കിന് പ്രവാസികളാണ് വലയുന്നത്. വിദേശത്ത് ഏതെങ്കിലും വിഭാഗത്തിലെ വാഹനം ഓടിക്കാൻ ലൈസൻസുള്ള പ്രവാസികൾക്ക് അതേ വിഭാഗത്തിലെ വാഹനം ഇവിടെയും ഓടിക്കാൻ മോട്ടാർവാഹനവകുപ്പ് അനുമതി നൽകാറുണ്ട്. ഇക്കാര്യം രേഖപ്പെടുത്തി പുതിയ ലൈസൻസ് നൽകും. എന്നാൽ, അയാൾക്ക് മറ്റേതെങ്കിലും വിഭാഗത്തിൽ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുണ്ടെങ്കിൽ കൂട്ടിച്ചേർക്കൽ നിഷേധിക്കുന്നതായാണ് ആക്ഷേപം.

ഇന്ത്യൻ ഇരുചക്രവാഹന ലൈസൻസുള്ള പ്രവാസിക്ക് വിദേശ കാർ ലൈസൻസ് ഉണ്ടെങ്കിൽ ആ വിവരം ഇവിടെ ഉൾക്കൊള്ളിക്കാനാകുന്നില്ലെന്ന് പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. അതിനായി പുതിയ അപേക്ഷ നൽകി ഡ്രൈവിങ് ടെസ്റ്റ് പാസാകണം. അതേസമയം, ഒരുവിഭാഗത്തിലും ഇന്ത്യൻ ലൈസൻസ് ഇല്ലാത്തയാൾക്ക് വിദേശ ലൈസൻസിന്റെ പിൻബലത്തിൽ ടെസ്റ്റില്ലാതെ തത്തുല്യ ലൈസൻസ് നൽകുന്നുമുണ്ട്. ഇതിനായി വിദേശ ലൈസൻസ് ഹാജരാക്കി അപേക്ഷ നൽകിയാൽ മതിയാകും.

ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിനുള്ള ‘സാരഥി’ സോഫ്റ്റ്‌വെയറിൽ ഇതിനുള്ള സൗകര്യം ഇല്ലെന്നുപറഞ്ഞാണ് മോട്ടോർവാഹനവകുപ്പ് അപേക്ഷകരെ മടക്കുന്നത്. അതേസമയം ചിലയിടങ്ങളിൽ ഉദ്യോഗസ്ഥർ ഇതിനായി പ്രത്യേകം ‘പടി’ വാങ്ങി ചെയ്തുനൽകുന്നതായും ആക്ഷേപമുണ്ട്. അതിനാൽത്തന്നെ സോഫ്റ്റവെയർ പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് താത്‌പര്യവുമില്ല. ലൈസൻസ് സംയോജനം അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സോഫ്റ്റ്‌വെയറിന്റെ ചുമതലയുള്ള നാഷണൽ ഇൻഫോർമാറ്റിക് സെന്ററിനെ അറിയിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *