Your Image Description Your Image Description

കൊല്ലം : അനീമിയ (വിളര്‍ച്ച) ബാധിതരായ കൗമാരക്കാര്‍ക്ക് താങ്ങാകാന്‍ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പോഷകാഹാര പദ്ധതി. ആര്‍ത്തവം, ആര്‍ത്തവ സമയത്തെ അമിത രക്തസ്രാവം, ഇരുമ്പും ഫോളിക് ആസിഡും അടങ്ങിയ ഭക്ഷണമില്ലായ്മ, വിരബാധ എന്നിവ കാരണം ഉണ്ടാകുന്ന രോഗത്തെ പ്രതിരോധിക്കാന്‍ 2024-25 വാര്‍ഷിക പദ്ധതിയില്‍ 3,50,000 രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് ചെലവിടുന്നത്. ആരോഗ്യമുള്ള തലമുറകള്‍ക്കായാണ് പദ്ധതി നടപ്പാക്കുന്നത്.

അങ്കണവാടി പ്രവര്‍ത്തകര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലും രോഗപരിശോധന നടത്തി. ഹീമോഗ്ലോബിന്റെ അളവില്‍ കുറവ് കണ്ടെത്തിയ പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള 456 പെണ്‍കുട്ടികള്‍ക്ക് ഡയറ്റീഷ്യന്റെ നിര്‍ദേശപ്രകാരം ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റും വിതരണം ചെയ്തു. ഈന്തപ്പഴം, അണ്ടിപ്പരിപ്പ്, ബദാം, കപ്പലണ്ടി, ചെറുപയര്‍, കടല തുടങ്ങി 550 രൂപയോളം വിലവരുന്ന സാധനങ്ങളാണ് കിറ്റിലുള്ളത്.

പരിശോധനക്കൊപ്പം വിളര്‍ച്ചയെ പ്രതിരോധിക്കുന്നതിനുള്ള പ്രായോഗികമാര്‍ഗങ്ങള്‍, പ്രാദേശികമായി ലഭിക്കുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ എന്നിവയെ കുറിച്ച് ബോധവത്ക്കരണവും നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *