Your Image Description Your Image Description

മുംബൈ: ടെസ്‌ല ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത കാറുകളുമായി എത്തുമ്പോൾ, ഇന്ത്യയിൽ ഉത്പാദനം തുടങ്ങാൻ പദ്ധതിയിടുകയാണ് ചൈനീസ് വൈദ്യുത വാഹന നിർമാതാക്കളായ ബിവൈഡി. തെലങ്കാനയിൽ ഹൈദരാബാദിനടുത്ത് 500 ഏക്കറിലായി ഫാക്ടറിയൊരുക്കാനുള്ള സാധ്യതകളാണ് ബിവൈഡി പരിശോധിക്കുന്നത്. അഞ്ച് മുതൽ ആറ് വർഷം കൊണ്ട്, വർഷം ആറുലക്ഷം കാറുകൾ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുമായി നടത്തുന്ന ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിനടുത്ത് മൂന്നിടത്തായി സ്ഥലം നൽകാൻ സർക്കാർ സന്നദ്ധതയറിയിച്ചിട്ടുണ്ട്.

ഈ സ്ഥലങ്ങൾ ബിവൈഡി അധികൃതർ പരിശോധിച്ചുവരികയാണ്. പരിശോധന പൂർത്തിയാക്കിയ ശേഷമാകും എവിടെ ഫാക്ടറി വേണമെന്നതിൽ തീരുമാനമെടുക്കുക. ചൈനീസ് വിപണിയിൽ കനത്ത തിരിച്ചടി നേരിടുന്ന ടെസ്‌ല പുതിയ വിപണിയെന്ന നിലയിലാണ് ഇന്ത്യയിലേക്ക് കടന്നുവരാൻ ലക്ഷ്യമിടുന്നത്. ചൈനയിൽ ഗുണമേന്മയും വിലക്കുറവും ഉയർന്ന സാങ്കേതിക മേന്മയുമുള്ള വാഹനങ്ങൾ പുറത്തിറക്കിയാണ് ടെസ്‌ലയെ ബിവൈഡി വെല്ലുവിളിക്കുന്നത്. അതുകൊണ്ടുതന്നെ ബിവൈഡി ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ചാൽ ടെസ്‌ലയുടെ ഇന്ത്യൻ വിപണിപ്രവേശത്തിന് അത് തിരിച്ചടിയായേക്കാം.

ഏതാനും വർഷമായി ബിവൈഡിക്ക് ഇന്ത്യയിൽ സാന്നിധ്യമുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി ഇന്ത്യയിൽ ഉത്പാദനം തുടങ്ങാൻ കമ്പനി വഴികളും തേടുന്നുണ്ട്. ചൈനയും ഇന്ത്യയും തമ്മിലുണ്ടായ അതിർത്തി തർക്കങ്ങളാണ് ഇതിന് തടസ്സമായത്. ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എൻജിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചറുമായി ചേർന്ന് 8200 കോടിരൂപയുടെ നിക്ഷേപത്തിന് 2023-ൽ ശുപാർശ നൽകിയിരുന്നെങ്കിലും കേന്ദ്രസർക്കാർ അത് തള്ളിയിരുന്നു. എന്നാലിപ്പോൾ ചൈനീസ് കമ്പനികളുമായുള്ള നിക്ഷേപ ഇടപാടുകളിൽ ഇന്ത്യ ഇളവുകൾക്ക് സന്നദ്ധമായിട്ടുണ്ട്. വൈദ്യുതവാഹനത്തിന് പുറമെ ബാറ്ററി ഉത്പാദനത്തിനും ബിവൈഡി പദ്ധതിയിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *