Your Image Description Your Image Description

പത്തനംതിട്ട: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ സുകേഷിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി കുടുംബം. മേഘ ട്രെയിനിന് മുന്നിൽ ചാടുമ്പോൾ ഫോണിൽ സംസാരിച്ചിരുന്നത് മലപ്പുറം സ്വദേശിയായ സുകേഷുമായാണെന്നും മകൾക്ക് സുകേഷിന്റെ ഭീഷണി ഉണ്ടായിരുന്നതായും ഇതാവാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും കുടുംബം പറയുന്നു. സുകേഷിനെ കാണാൻ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയി. സുകേഷും പലവട്ടം തിരുവനന്തപുരത്ത് വന്നു. എന്നാൽ യാത്രാ ചെലവുകൾ വഹിച്ചിരുന്നത് മേഘയായിരുന്നു. കൂടുതൽ ഭീഷണിയും ചൂഷണവും സംശയിക്കുന്നതായും കുടുംബം പറയുന്നു.

മരണത്തിൽ സാമ്പത്തിക ചൂഷണം നടന്നുവെന്ന് ആരോപിക്കുകയാണ് പിതാവ് മധുസൂദനൻ. മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ് ആരോപിക്കുന്നത്. ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം മലപ്പുറം സ്വദേശിയുടെ അക്കൗണ്ടിലേക്ക് മകൾ ട്രാൻസ്ഫർ ചെയ്തു നൽകി. മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിൽ കേവലം 80 രൂപ മാത്രമെന്നും പിതാവ് മധുസൂദനൻ ആരോപിക്കുന്നത്. ഇക്കാര്യവും പേട്ട പൊലീസ് പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മേഘയുടെ അക്കൗണ്ട് വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്.

മകളുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്ത് നോക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പല സ്ഥലത്ത് വച്ചും എടിഎം കാർഡ് മുഖേനയും സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട്. ഉച്ച സമയത്ത് ഭക്ഷണം കഴിക്കാൻ പണമില്ലാത്തതിനാൽ വരുന്നില്ലെന്ന് സുഹൃത്തുക്കളോട് പറയേണ്ടി വരുന്ന സ്ഥിതിയിലായിരുന്നു മകളുണ്ടായിരുന്നത്. ഫെബ്രുവരി 28ന് കിട്ടിയ ശമ്പളം അടക്കം ഇത്തരത്തിൽ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. എല്ലാമാസവും ഇത്തരത്തിലുള്ള പണമിടപാട് നടന്നിട്ടുണ്ട്. ഇതിന് ശേഷം മാസചെലവിനായി മേഘയ്ക്ക് ഇയാൾ കുറച്ച് പണം നൽകുന്നതായാണ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റിൽ നിന്നും വ്യക്തമാകുന്നത്.

മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശി സുകേഷിനെതിരെയാണ് മേഘയുടെ കുടുംബം ഗുരുതര ആരോപണം ഉയർത്തിയിട്ടുള്ളത്. ജോലി സംബന്ധമായ പരിശീലന കാലത്താണ് ഇയാളുമായി മേഘ പരിചയത്തിലാവുന്നത്. ഇയാളുമായി ഇഷ്ടത്തിലായിരുന്നുവെന്നാണ് മകൾ വീട്ടിൽ പറഞ്ഞിരുന്നത്. മകൾക്ക് വാങ്ങി നൽകിയ കാർ എറണാകുളം ടോൾ കടന്നതായി സന്ദേശം ലഭിച്ചതിന് പിന്നാലെ കാർ മോഷണം പോയതാണെന്ന ധാരണയിൽ മകളെ വിളിച്ചപ്പോഴാണ് മലപ്പുറം സ്വദേശിക്കൊപ്പം എറണാകുളത്താണ് മേഘയുള്ളതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെയാണ് ഇയാളുമായി പ്രണയത്തിലാണെന്ന് മകൾ ഭാര്യയോട് പറഞ്ഞതെന്നും മധുസൂദനൻ വിശദമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *