Your Image Description Your Image Description

കോഴിക്കോട്: സംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കിയ ഉത്തരവിറങ്ങി. സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തെത്തുടർന്നാണ് നികുതിയിൽ മാറ്റം വന്നത്. 15 വർഷം രജിസ്ട്രേഷൻകാലാവധി കഴിഞ്ഞ മോട്ടോർ സൈക്കിളുകൾക്കും സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിക്കുന്ന മുച്ചക്രവാഹനങ്ങൾക്കും അഞ്ചുവർഷത്തേക്കുള്ള നികുതി 400 രൂപയാണ് വർധന. സംസ്ഥാനത്ത് രജിസ്റ്റർചെയ്ത കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളിൽ ഓർഡിനറി, പുഷ്ബാക്ക്, സ്ലീപ്പർ സീറ്റുകൾ എന്നീ തരംതിരിവ് ഒഴിവാക്കി ഏകീകരിക്കുകയും, സ്റ്റേജ് വാഹനങ്ങളുടെ നികുതിയിൽ കുറവ് വരുത്തിയിട്ടുമുണ്ട്.

750 കിലോഗ്രാം വരെയുള്ള കാറുകൾക്ക് 3200 രൂപയും 750 കിലോഗ്രാം മുതൽ 1500 വരെയുള്ള കാറുകൾക്ക് 4300 രൂപയും 1500-ന് മുകളിലുള്ള വാഹനങ്ങൾക്ക് 5300 രൂപയുമാണ് വർധിപ്പിച്ചിട്ടുള്ളത്. എല്ലാ ഇലക്‌ട്രിക് വാഹനങ്ങൾക്കും ഇപ്പോൾ വിലയുടെ അഞ്ചുശതമാനമാണ് നികുതിയുണ്ടായിരുന്നത്. എന്നാൽ, പുതുക്കിയതുപ്രകാരം 15 ലക്ഷം രൂപവരെയുള്ള വാഹനങ്ങൾക്ക് അഞ്ചുശതമാനമാക്കിയും 15 മുതൽ 20 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് എട്ട് ശതമാനമാക്കിയും 20 ലക്ഷംമുതലുള്ള വാഹനങ്ങൾക്ക് 10 ശതമാനമാക്കിയുമാണ് നികുതി പുതുക്കിയിട്ടുള്ളത്.

ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾക്കും ത്രീവീലറുകൾക്കും നികുതി അഞ്ചുശതമാനമായിത്തന്നെ തുടരും. ഇലക്‌ട്രിക് വാഹനങ്ങളുടെ നികുതിവർധന പുതുതായി വാഹനംവാങ്ങാൻ ആഗ്രഹിക്കുന്നവരെ ആശങ്കയിലാക്കുന്നുണ്ട്.

കഴിഞ്ഞദിവസമാണ് മോട്ടോർവാഹന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ഏപ്രിൽ ഒന്നുമുതൽ ഉത്തരവ് പ്രാബല്യത്തിൽവരും. ഏപ്രിൽ ഒന്നുമുതലുള്ള നികുതി മാർച്ച് 31-നുമുന്നേ അടച്ചിട്ടുണ്ടെങ്കിൽ ആ വാഹനത്തിൽനിന്ന് മാറ്റംവരുത്തിയ നികുതി ഈടാക്കണമെന്നും ഇതിനായി കണക്ക് പരിശോധനയ്ക്കായി കാത്തിരിക്കേണ്ടെന്നും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *