Your Image Description Your Image Description

പത്തനംതിട്ട : പ്രാദേശിക ചരിത്രത്തിനും പ്രാധാന്യം കല്‍പ്പിക്കണമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. ജില്ലയുടെ സാമൂഹ്യ -സാംസ്‌കാരിക-രാഷ്ട്രീയ ചരിത്രം രേഖപ്പെടുത്തിയ ‘ജില്ലാ വിജ്ഞാനിയം’പുസ്തകം റോയല്‍ ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം . സാധാരണക്കാരും അവരുടെ പോരാട്ടവും ചരിത്രനിര്‍മിതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

പ്രതിസന്ധി നേരിടാനും മുന്നേറ്റത്തിനുള്ള ഊര്‍ജവും ചരിത്ര അറിവിലൂടെ സമൂഹം നേടും. വിപ്ലവങ്ങളിലൂടെയും സമരങ്ങളിലൂടെയും ആര്‍ജിച്ച സമത്വം, സഹോദര്യം, നീതി ആശയങ്ങള്‍ മെച്ചപ്പെട്ട സാമൂഹിക ക്രമത്തിലേക്ക് നയിച്ചുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ചരിത്രഗ്രന്ഥം തയ്യാറാക്കുന്നത്. സാഹിത്യകാരന്‍ ഡോ.എഴുമറ്റൂര്‍ രാജരാജ വര്‍മയ്ക്ക് മന്ത്രി പുസ്തകം കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ വിജ്ഞാനീയം ചീഫ് എഡിറ്ററുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പുസ്തകം പരിചയപ്പെടുത്തി. ജില്ലയിലെ സാമൂഹ്യ മാറ്റങ്ങള്‍, സാംസ്‌കാരിക രംഗത്തെ സവിശേഷതകള്‍, സംഭവങ്ങള്‍ എന്നിവയെപ്പറ്റി സൂക്ഷ്മപഠനം നടത്തിയാണ് ഗ്രന്ഥം തയ്യാറാക്കിയത്.

ചരിത്രം, രാഷ്ട്രീയം, മതം, അധ്യാത്മികത, നവോഥാനം, സംസ്‌കാരം, സാഹിത്യം, കല, വിദ്യാഭ്യാസം, ആരോഗ്യം, മാധ്യമം, കായികം എന്നീ ശീര്‍ഷകങ്ങളിലായി ജില്ലയെ സംബന്ധിക്കുന്ന സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. റ്റി.സക്കീര്‍ ഹുസൈന്‍, മുന്‍ എം എല്‍ എ രാജു ഏബ്രഹാം, ഡോ.അലക്‌സാണ്ടര്‍ ജേക്കബ്, പ്രൊഫ.കടമ്മനിട്ട വാസുദേവന്‍ നായര്‍ , ജില്ലാ -ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *