Your Image Description Your Image Description

ചാറ്റ്ജിപിടി ഉള്‍പ്പെടെയുളള എഐ ചാറ്റ്ബോട്ടുകള്‍ ഉപയോഗിച്ച് ജിബിലി ഇമേജുകള്‍ ജനറേറ്റ് ചെയ്യുന്ന തിരക്കിലാണ് ഇപ്പോൾ എല്ലാവരും. എന്നാല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യാനും മാത്രമല്ല, നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും എഐ സഹായിക്കും. വിശ്വാസം വരുന്നില്ല അല്ലേ? എന്നാൽ അതിനു സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു യുവതി. ഡയമണ്ട് ഒകോ ചുക്വുമ എന്ന യുവതിയാണ് താന്‍ എഐയുടെ സഹായത്തോടെ പതിനഞ്ച് കിലോയ്ക്കടുത്ത് കുറച്ചുവെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
100 കിലോ ഭാരമുണ്ടായിരുന്ന ഡയമണ്ട് ഒകോ 83 കിലോ ആയി എന്നാണ് അവകാശപ്പെടുന്നത്. മൈക്രോസോഫ്റ്റിന്റെ എഐ അസിസ്റ്റന്റായ കോപൈലറ്റ് സഹായത്താലാണ് യുവതി ഭാരം കുറച്ചത്. അതിനായി ഉപയോഗിച്ച പ്രോംറ്റുകളും അവര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

‘പട്ടിണി കിടന്ന് ശരീരത്തെ ബുദ്ധിമുട്ടിക്കാതെ ഭാരം കുറയ്ക്കാനായിരുന്നു എനിക്ക് ആഗ്രഹം. അതിനായി ആദ്യം എന്റെ TDEE (ടോട്ടല്‍ ഡെയിലി എനര്‍ജി എക്പന്‍ഡിച്ചര്‍) അറിയേണ്ടത് അത്യാവശ്യമായിരുന്നു. അത് അറിയാനായി കോപൈലറ്റിന് എന്റെ പ്രായം, ഉയരം, ഭാരം, ലിംഗം, എത്രത്തോളം എക്സര്‍സൈസ് ചെയ്യാറുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ചേര്‍ത്ത് കൊടുത്തുകൊണ്ട് TDEE കണക്കാക്കാന്‍ ആവശ്യപ്പെട്ടു. അടുത്തതായി പട്ടിണി കിടക്കാതെ കാലറി ഡെഫിസിറ്റുണ്ടാവാന്‍ എത്ര കലോറിയാണ് ഞാന്‍ കഴിക്കേണ്ടതെന്ന് ചോദിച്ചു. TDEE ഉപയോഗിച്ചാണ് അത് ചോദിച്ചത്. ആ സമയം ഞാന്‍ 2000 കലോറി പ്രതിദിനം കഴിക്കുമായിരുന്നു. കോപൈലറ്റിന്റെ മറുപടി ദിവസവും അതില്‍ നിന്ന് 500 കലോറി കുറച്ചാല്‍ മതിയെന്നായിരുന്നു. ശരീരഭാരവും കൊഴുപ്പും കുറയ്ക്കുന്നതിനൊപ്പം മസില്‍ ബില്‍ഡ് ചെയ്യാനും ഞാന്‍ ആഗ്രഹിച്ചു.

അതിനായി എനിക്ക് ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടായിരുന്നു. അതിനായി കൊഴുപ്പ് കളഞ്ഞ് മസില്‍ ബില്‍ഡ് ചെയ്യുന്നതിനായി ഒരു ദിവസം എത്ര പ്രോട്ടീന്‍ ഞാന്‍ കഴിക്കേണ്ടതുണ്ടെന്ന് കോപൈലറ്റിനോട് ചോദിച്ചു. അവസാനമായി വിശപ്പ് അറിയാതിരിക്കാന്‍ എത്ര വെളളം ഒരു ദിവസം കുടിക്കണമെന്നും ചോദിച്ചു. രണ്ടോ മൂന്നോ ലിറ്റര്‍ വെളളം കുടിക്കണമെന്നായിരുന്നു എഐയുടെ മറുപടി’- യുവതി പറയുന്നു. ദിവസവും രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ വീതം നടക്കുന്നതും നല്ലതുപോലെ വിശ്രമിക്കുന്നതും ഉറങ്ങുന്നതും വയറിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കുമെന്നും ഡയമണ്ട് ഒകോ പറയുന്നു. താന്‍ ഒരു വെയിറ്റ്ലോസ് കോച്ച് അല്ലെങ്കിലും ഈ പറഞ്ഞ കാര്യങ്ങള്‍ നിങ്ങളെ സഹായിക്കുമെന്നാണ് യുവതി പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *