Your Image Description Your Image Description

ആരോ​ഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കുന്നതിൽ ഉറക്കത്തിന്റെയും വ്യായാമത്തിന്റെയും പങ്ക് പ്രധാനമാണ്. ഉറക്കക്കുറവ് നേരിടുന്നവരെയും വ്യായാമമില്ലാതെ ഉദാസീനമായ ജീവിതശൈലി പിന്തുടരുന്നവരെയും പലതരം രോ​ഗങ്ങളും പിടിമുറുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉറക്കം എട്ട് മണിക്കൂര്‍ വരെ തികയ്ക്കുക എന്നതാണ് മിക്കയാളുകളുടെയും മുന്‍ഗണന.

എന്നാല്‍ ഉറക്കത്തിന്‍റെ ദൈര്‍ഘ്യം പോലെ തന്നെ ഉറങ്ങാന്‍ കിടക്കുന്ന സമയത്തിനും പ്രധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതാണ് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം. ഉറക്കക്കുറവു മൂലം ഹൃദ്രോ​ഗങ്ങൾ, പക്ഷാഘാതം, അമിതവണ്ണം, പൊണ്ണത്തടി തുടങ്ങിയവ വർധിക്കുന്ന സാ​ഹചര്യത്തിലാണ് ​ഗവേഷകർ ഈ വിഷയം പഠനത്തിന് ആസ്പദമാക്കിയത്. ഹൃദ്രോഗ സാധ്യത പരമാവധി കുറയ്ക്കുന്നത് ഉറങ്ങാന്‍ ഒരു ‘ഗോര്‍ഡന്‍ അവര്‍’ ഉണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

43നും 74നും ഇടയില്‍ പ്രായമായ 88,000 പേരുടെ ആരോഗ്യവിവരങ്ങള്‍ ഏഴു വര്‍ഷത്തോളം ഗവേഷകര്‍ വിലയിരുത്തി. ഇവരുടെ ഉറക്കരീതികള്‍ നിരീക്ഷിച്ചതില്‍ നിന്നും രാത്രി പത്തിനും പതിനൊന്നിനും ഇടയില്‍ ഉറങ്ങുന്നവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി. അതേസമയം രാത്രി പതിനൊന്നിനും അര്‍ധരാത്രിക്കുമിടയില്‍ ഉറങ്ങുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത 12 ശതമാനം വരെയും അര്‍ധരാത്രിക്ക് ശേഷം ഉറങ്ങുന്നവര്‍ക്ക് 25 ശതമാനം വരെയും കൂടുതലാണെന്ന് പഠനത്തില്‍ വിശദീകരിക്കുന്നു.

രാത്രി പത്തിനും പതിനൊന്നിനും ഇടയില്‍ ഉറങ്ങുന്നതാണ് ദീര്‍ഘകാല ഹൃദയാരോഗ്യത്തിന് ഗുണകരമെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനിലെ സീനിയര്‍ കാര്‍ഡിയാക് നഴ്‌സായ റെഗിന ഗിബ്ലിന്‍ പറയുന്നു. ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെയാണ് ആരോഗ്യകരമായ ഉറക്കത്തിന് ആവശ്യമായ ദൈര്‍ഘ്യം. ഇത് ശരീരത്തിന്‍റെ സ്വാഭാവിക താളം നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ വൈകി ഉറങ്ങുന്നതും ഉറക്കത്തിനിടെ ഇടവേളകള്‍ ഉണ്ടാകുന്നതും ഹൃദയത്ത് അനാവശ്യമായ സമ്മര്‍ദം നല്‍കും.

പഠനത്തിൽ പങ്കാളികളായവരിൽ 25ശതമാനം പേർ വ്യായാമത്തിൽ സജീവമായവരും 18 ശതമാനം പേർ പിന്നീട് സജീവമായവരും 20 ശതമാനംപേർ തീരെ വ്യായാമം ഇല്ലാത്തവരുമായിരുന്നു. ആഴ്ചയിൽ മൂന്നുദിവസമെങ്കിലും നന്നായി വ്യായാമം ചെയ്യുന്നവരിൽ രാത്രികാലങ്ങളിൽ ഉറങ്ങാൻ വൈകുന്ന അവസ്ഥ 42 ശതമാനം കുറവും ഇൻസോംനിയ ലക്ഷണങ്ങൾ പ്രകടമാകുന്നത് 22 ശതമാനം കുറവുമായിരിക്കുമെന്ന് ​ഗവേഷകർ കണ്ടെത്തി. വ്യായാമം ശീലമാക്കിയിട്ടുള്ളവരിൽ ആറുമുതൽ ഒമ്പതുമണിക്കൂർ വരെ ഉറക്കം ലഭിക്കുമെന്നും ​ഗവേഷകർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *