Your Image Description Your Image Description

യുഎഇയിൽ പരിഷ്ക്കരിച്ച ​ഗതാ​ഗത നിയമങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. നിയമ ലംഘകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതാണ് പുതിയ നിയമം. കാബിനറ്റ് ജനറൽ സെക്രട്ടേറിയറ്റ് ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ചാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.

പുതിയ ഫെഡറൽ നിയമ പ്രകാരം മൂന്ന് വിഭാ​ഗങ്ങൾക്ക് യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ആവശ്യമുണ്ടാകില്ല. വിദേശ രാജ്യത്ത് നിന്നുള്ള സാധുവായ ലൈസൻസ് കൈവശമുള്ളവർ, രാജ്യാന്തര ലൈസൻസ് ഉള്ളവർ, സന്ദർശക വിസയിലെത്തിയവരും മേൽപറഞ്ഞ രണ്ട് ലൈസൻസുകളിൽ ഏതെങ്കിലും ഒന്ന് കൈവശമുള്ളവർ എന്നിവർക്കാണ് യുഎഇ ഡ്രൈവിങ് ലൈസൻസ് ആവശ്യമില്ലാത്തത്.

അതേസമയം ലൈസൻസ് എടുക്കാനുള്ള കുറഞ്ഞ പ്രായപരിധി 17 വയസാണ്. പുതിയ നിയമ പ്രകാരം ലഹരി ഉപയോ​ഗിച്ച് വാഹനം ഓടിച്ചാൽ തടവും പിഴയും ലഭിക്കുന്നതായിരിക്കും. കൂടാതെ മറ്റുള്ളവരുടെ ജീവന് ആപത്ത് വരുന്ന വിധത്തിൽ വാഹനവുമായി റോഡിൽ അഭ്യാസ പ്രകടനം നടത്തുന്നതും ​ഗുരുതരമായ കുറ്റമാണ്. ട്രാഫിക് കേസുകളിൽ പിടിക്കപ്പെടുന്നവർ പേരും വിലാസവും നൽകാതിരുന്നാലും തെറ്റായ വിവരങ്ങൾ നൽകിയാലും അധികാരികൾക്ക് അറസ്റ്റ് ചെയ്യാൻ കഴിയും.

അപകടമുണ്ടാക്കിയ ശേഷം ഒളിച്ചോടാൻ ശ്രമിച്ചാലും പോലീസ് പരിശോധനയിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ചാലും അറസ്റ്റ് ചെയ്യാം. ലംഘനം വീണ്ടും ആവർത്തിച്ചാൽ വാഹനം കണ്ടുകെട്ടുകയും ചെയ്യും. വാഹനത്തിന്റെ സ്വാഭാവിക ഘടനയിൽ അനുമതിയില്ലാതെ വരുത്തുന്ന മാറ്റങ്ങൾക്കും വാഹനം പിടിച്ചെടുക്കുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *