Your Image Description Your Image Description

തേക്കടി പുഷ്പമേളക്ക് ഇന്ന് തുടക്കം. രാവിലെ 10 മുതൽ പുഷ്പമേളയിൽ പ്രവേശനം ആരംഭിക്കും. വൈകിട്ട് ആറിന് വാഴൂർ സോമൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മുപ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പന്തലിൽ മണ്ണാറത്തറയിൽ ഗാർഡൻസ് തയ്യാറാക്കുന്ന 200ൽ പരം ഇനങ്ങളിലുള്ള ഒരു ലക്ഷത്തോളം പൂച്ചെടികളാണ് പുഷ്പമേളയുടെ മുഖ്യ ആകർഷണം. ഇതോടൊപ്പം അമ്യൂസ്‌മെന്റ് പാർക്കും ക്രമീകരിച്ചിട്ടുണ്ട്. 24 ദിവസം നീണ്ടു നിൽക്കുന്ന പുഷ്പമേളയിൽ പുഷ്പാലങ്കാര മത്സരം, സൗന്ദര്യ മത്സരം, പാചക മത്സരം, ക്വിസ്, പെയിന്റിംങ്ങ് മത്സരം എന്നിവയും എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ പ്രൊഫഷണൽ ട്രൂപ്പുകൾ ഉൾപ്പെടെയുള്ള കലാസമിതികൾ അവതരിപ്പിക്കുന്ന ഗാനമേളകൾ, കോമഡി ഷോ, നാടൻ പാട്ടുകൾ, നൃത്ത സന്ധ്യ, തെയ്യം, കഥകളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. തേക്കടി ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിനുതകുന്ന പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി വിപുലമായ ടൂറിസം സെമിനാറും, ലഹരിവ്യാപനത്തിനെതിരെ സെമിനാറും സംഘടിപ്പിക്കും. ഹൈടെക്ക് ഡൂം പന്തലിൽ അറുപതിൽപരം വാണിജ്യ സ്റ്റാളുകൾ പ്രവർത്തിക്കും.

കുമളിയുടെ സാംസ്‌ക്കാരിക ഉത്സവമായ തേക്കടി പുഷ്പമേളയുടെ വിജയത്തിനായി എല്ലാ വിഭാഗം ജനങ്ങളുടെയും സഹായ സഹകരണം അഭ്യർത്ഥിക്കുന്നതായി സംഘാടക സമിതി ചെയർ പേഴ്സണും കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഡെയ്സി സെബാസ്റ്റ്യൻ, ജനറൽ കൺവീനർ റ്റി. റ്റി. തോമസ്, ജോയിന്റ് ജനറൽ കൺവീനർ ഷാജി മണ്ണാറത്തറയിൽ എന്നിവർ അറിയിച്ചു. മുതിർന്നവർക്ക് 70 രൂപയും ഏഴു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *