Your Image Description Your Image Description

കൊല്ലം: വിദ്യാർത്ഥികൾ അദ്ധ്യാപകരെ ദൈവമായി കാണണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ ഗുരുദേവ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പണ്ട് അദ്ധ്യാപകർക്ക് തെറ്റുകൾ കാണുമ്പോൾ വിദ്യാർത്ഥികളെ ശാസിക്കാനും ചൂരൽ കൊണ്ട് അടിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ ഇന്ന് അദ്ധ്യാപകർ ശാസിച്ചാൽ രക്ഷിതാക്കൾ അദ്ധ്യാപകനെ തിരക്കി സ്കൂളിലേക്ക് വരുന്ന സാഹചര്യമാണ്. അറിവുള്ളവരാണ് അദ്ധ്യാപകർ. അവർ പറയുന്നത് ഹൃദയം കൊണ്ട് സ്വീകരിക്കണം. പണ്ട് കുട്ടികൾക്ക് കളിക്കാൻ സമയമുണ്ടായിരുന്നു. എന്നാലിപ്പോൾ കുട്ടികൾ കളിക്കാൻ പോയാൽ രക്ഷിതാക്കൾ വഴക്കുപറയുകയാണ്.

രക്ഷിതാക്കളുടെ സ്വപ്നങ്ങളെല്ലാം തകർത്ത് ചില കുട്ടികൾ ആത്മഹത്യ ചെയ്യുന്നു. മറ്റ് ചിലർ ലഹരിക്ക് അടിമപ്പെടുന്നു. ഇതെല്ലാം ഒഴിവാക്കാൻ കുട്ടികൾക്ക് കളിക്കാൻ സമയം നൽകണം. താൻ പണ്ട് നല്ലൊരു വോളിബാൾ കളിക്കാരനായിരുന്നു. അന്ന് മനസിലുറച്ച സ്പോർട്സ് മാൻ സ്പിരിറ്റാണ് ഇപ്പോൾ സംഘടനാരംഗത്തെ എതിർപ്പുകളെയെല്ലാം അതിജീവിക്കാനുള്ള കരുത്ത് നൽകുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *