Your Image Description Your Image Description

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പയായി വാങ്ങാന്‍ സംസ്ഥാന മന്ത്രിസഭയിൽ തീരുമാനമായി. വിജിഎഫ് ( വയബിലിറ്റി ഗ്യാപ് ഫണ്ട്) ആയി 818 കോടി രൂപയാണ് ലഭിക്കുക. കേന്ദ്രം അനുവദിക്കുന്ന വിജിഎഫ് തുക ലാഭവിഹിതമായി തിരികെ നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ വെച്ചിട്ടുള്ളത്. എന്നാല്‍ ഈ വ്യവസ്ഥയോട് കേരളം കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. വായ്പാ വ്യവസ്ഥ ഒഴിവാക്കണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അത് തള്ളുകയായിരുന്നു.

തുടർന്ന് കേരളം സ്വന്തം നിലയ്ക്ക് ഫണ്ട് കണ്ടെത്തുന്നതിന്റെ സാധ്യതകളും സര്‍ക്കാര്‍ തേടിയിരുന്നു. നബാര്‍ഡ് അടക്കമുള്ളവയില്‍ നിന്നും വായ്പ എടുക്കല്‍ എളുപ്പമാകില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് കേന്ദ്ര വായ്പ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. വായ്പ ആയിട്ട് മാത്രമേ തുക അനുവദിക്കൂ എന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗ്രാന്റ് ആയി നൽകണമെന്നാണ് കേരളം ആവശ്യപ്പെട്ടതെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. നിലവില്‍ വിജിഎഫ് തുക വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഗ്രാന്റായി പണം നല്‍കണമെന്ന കാര്യത്തില്‍ കേന്ദ്രവുമായി തുടര്‍ന്നും ചര്‍ച്ചകള്‍ നടത്തുമെന്നും തുറമുഖ മന്ത്രി വിഎന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്‍റെ പാരിസ്ഥിതിക അനുമതി ലഭിച്ചതായി മന്ത്രി വി എന്‍ വാസവന്‍ നേരത്തെ അറിയിച്ചിരുന്നു. രണ്ടും മൂന്നും ഘട്ട വികസനത്തിന്‍റെ ഭാഗമായി കണ്ടെയ്നർ ടെര്‍മിനല്‍ 1,200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും. ബ്രേക്ക് വാട്ടറിന്‍റെ നീളം 900 മീറ്റര്‍ കൂടി വർധിപ്പിക്കും. തുറമുഖത്തിന്‍റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10,000 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *