Your Image Description Your Image Description

തിരുവനന്തപുരം: സോഷ്യൽ മീഡിയ പ്രചാരണം കൂടുതൽ ശക്തമാകാൻ സിപിഎം. പാർട്ടിയുടെയും സർക്കാരിന്റെയും പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാ​ഗമായി മുഖ്യമന്ത്രിയുടെ ഓഫീസിലെയും എകെജി സെന്ററിലെയും സോഷ്യൽ മീഡിയ ടീമുകൾ യോജിച്ച് പ്രവർത്തിക്കും. രണ്ട് ടീമുകൾക്കും പുതിയ ചുമതലക്കാരും എത്തും. തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിലാണ് സോഷ്യൽമീഡിയയെ ക്രിയാത്മകമായി ഉപയോ​ഗിക്കാൻ സിപിഎം തീരുമാനിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെയും പാർട്ടി ആസ്ഥാനത്തെയും നവമാധ്യമപ്രചാരണവിഭാഗങ്ങളുടെ ഏകോപനത്തിനായാണ് പുതിയ ചുമതലക്കാരെ നിയമിക്കുന്നത്. സർക്കാരിന്റെ ഭാഗമായി നിയമിക്കുക ദേശാഭിമാനിയിൽനിന്ന് വിരമിച്ച മനോഹരൻ മോറായിയൊണ്. മുഖ്യമന്ത്രിയുടെ ഓഫീസിലോ, സി-ഡിറ്റിന്റെ കീഴിൽ തുടങ്ങുന്ന നവമാധ്യമപ്രചാരണത്തിന്റെ തലപ്പത്തോ ആയിരിക്കും മോറായിയുടെ നിയമനം. എം.വി. നികേഷ് കുമാറിനാകും പാർട്ടിയുടെ സൈബർ പടയുടെ ചുമതല.

നിലവിൽ കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നികേഷ് കുമാറിനോട് തിരുവനന്തപുരത്തേക്ക് പ്രവർത്തനം മാറ്റാൻ നിർദേശിച്ചു. പാർട്ടി സംസ്ഥാനകമ്മിറ്റി ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ, എ.കെ.ജി. പഠനഗവേഷണകേന്ദ്രത്തിൽ സമൂഹമാധ്യമങ്ങൾക്കുള്ള പാർട്ടിസംവിധാനം ശക്തിപ്പെടുത്താനാണ് തീരുമാനം.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിനെ മാറ്റുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ചില ആരോപണങ്ങളെത്തുടർന്ന് പിആർഡിയുടെ ചുമതലയിൽനിന്ന് അദ്ദേഹത്തെ മാറ്റാനായിരുന്നു ആലോചന. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഉണ്ടായിട്ടില്ല. പിആർഡി ചുമതലയിൽനിന്ന് മാറ്റിയാലും പ്രസ് സെക്രട്ടറി സ്ഥാനത്ത് മനോജ് തുടരാനാണ് സാധ്യത. മനോഹരൻ മോറായിയെ പിആർഡി ചുമതല നൽകി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിക്കാനും ആലോചിച്ചിരുന്നു. മുഖ്യമന്ത്രി ഓഫീസിൽ വീണ്ടും പാർട്ടിനിയമനം വന്നാൽ, വിവാദമായേക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് നവമാധ്യമത്തിന് പ്രത്യേകവിഭാഗം രൂപവത്കരിച്ച് നിയമനം നൽകുന്നത്.

സർക്കാരിന്റെ വികസനപ്രവർത്തനങ്ങളും നയങ്ങളും പദ്ധതികളും സാധാരണക്കാരിലേക്ക് ഏറ്റവുമെളുപ്പം എത്തിക്കുക എന്നതാണ് സിപിഎം ലക്ഷ്യമിടുന്നത്. ഭരണത്തിന്റെ മെച്ചം ജനങ്ങളെ ബോധ്യപ്പെടുത്തുകയും അതുവഴി തുടർഭരണം ഉറപ്പാക്കുകയുമാണ് പാർട്ടിയുടെ ലക്ഷ്യം. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം തങ്ങൾക്ക് അനുകൂലമാണെന്ന വിലയിരുത്തലാണ് സിപിഎം നേതൃത്വത്തിനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *