Your Image Description Your Image Description

ഓൺലൈൻ ഗെയിമിംഗിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. നിയമവിരുദ്ധമായ ഓൺലൈൻ പണ ഗെയിമിംഗ് സ്ഥാപനങ്ങളുടെ 357 വെബ്‌സൈറ്റുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങൾക്കെതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (ഡിജിജിഐ) ആണ് നടപടി ശക്തമാക്കിയത്.

അതേസമയം ഓൺലൈൻ മണി ഗെയിമിംഗ് വ്യവസായത്തിൽ ആഭ്യന്തര, വിദേശ ഓപ്പറേറ്റർമാർ എന്നിവരും വിലക്കിയവരിൽ ഉൾപ്പെടുന്നുണ്ട്. ജിഎസ്‍ടി രജിസ്ട്രേഷൻ ചെയ്യാതെ ഇത്തരം സ്ഥാപനങ്ങൾ ജിഎസ്ടിയിൽ നിന്ന് ഒഴിഞ്ഞുമാറുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

2000 ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ സെക്ഷൻ 69 പ്രകാരം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമായി (MeitY) സഹകരിച്ച് ഡിജിജിഐ ഇതുവരെ 357 നിയമവിരുദ്ധ വിദേശ ഓൺലൈൻ പണ ഗെയിമിംഗ് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകൾ/യുആർഎല്ലുകൾ തടഞ്ഞുവെന്നും ധനകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു. ഓൺലൈൻ പണമിടപാട് ഗെയിമിംഗ്, വാതുവെപ്പ്, ചൂതാട്ടം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഏകദേശം 700 വിദേശ സ്ഥാപനങ്ങൾ ഡിജിജിഐയുടെ നിരീക്ഷണത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ.

കൂടാതെ വിദേശ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളിൽ കണ്ടെത്തിയ യുപിഐ ഐഡികളുമായി ബന്ധിപ്പിച്ചിട്ടുള്ള 392 ബാങ്ക് അക്കൗണ്ടുകളുടെ ഡെബിറ്റ് മരവിപ്പിച്ചു. മൊത്തം 122.05 കോടി രൂപ ഈ അക്കൗണ്ടുകളിൽ താൽക്കാലികമായി കണ്ടുകെട്ടിയതായും മന്ത്രാലയം അറിയിച്ചു. ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള ഓൺലൈൻ മണി ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ നടത്തുന്ന ചില ഇന്ത്യൻ പൗരന്മാർക്കെതിരെയും ഡിജിജിഐ നടപടി എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *