Your Image Description Your Image Description

കാസര്‍കോട്: കാസര്‍കോട് അണങ്കൂർ ജെപി കോളനിയിലെ ബിജെപി പ്രവര്‍ത്തകന്‍ ജ്യോതിഷ് വധശ്രമ കേസില്‍ പ്രതികളായിരുന്ന നാല് പേരെയും വെറുതെ വിട്ടു. എസ്ഡിപിഐ പ്രവർത്തകരായ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ റഫീഖ്, ഹമീദ്, സാബിർ, അശ്റഫ് എന്നിവരെയാണ് വെറുതെ വിട്ടത്. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ പ്രിയയാണ് കേസില്‍ വിധി പറഞ്ഞത്.

2017 ഓഗസ്റ്റ് പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അണങ്കൂര്‍ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് സമീപം കാറിലെത്തിയ നാലംഗ സംഘം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജ്യോതിഷിന്റെ ബൈക്കിന് പിന്നിൽ ഇടിക്കുകയും വാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നുമായിരുന്നു കേസ്. തളങ്കരയിലെ സൈനുൽ ആബിദ് കൊലക്കേസ് ഉൾപ്പെടെ എട്ടോളം കേസുകളിൽ പ്രതിയായിരുന്ന ജ്യോതിഷിനെ പിന്നീട് 2022 ഫെബ്രുവരി 15ന് വീട്ടുപറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

എന്നാൽ പ്രതികൾക്കെതിരെ തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് കോടതി പറഞ്ഞു. സംഭവ സമയത്ത് ജ്യോതിഷിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഉള്‍പ്പടെ 47 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. സാക്ഷി മൊഴികളിലെ വൈരുധ്യമുള്‍പ്പടെയാണ് പ്രതികളെ വെറുതെ വിടാന്‍ കാരണം. പ്രതികള്‍ക്ക് വേണ്ടി അഡ്വ വിനോദ് കുമാര്‍, അഡ്വ സക്കീര്‍ അഹമ്മദ്, അഡ്വ ശരണ്യ എന്നിവരാണ് ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *