Your Image Description Your Image Description

ആപ്പിള്‍ വാച്ചില്‍ ക്യാമറ സൗകര്യം ഉള്‍പ്പെടുത്താന്‍ കമ്പനി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സേവനങ്ങള്‍ തങ്ങളുടെ എല്ലാ ഉപകരണങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് കമ്പനിയുടെ ഈ നീക്കമെന്നാണ് വിവരം. 2027-ല്‍ ആയിരിക്കും ക്യാമറയോടുകൂടിയ ആപ്പിള്‍ വാച്ച് വിപണിയില്‍ എത്തുകയെന്നാണ് റിപ്പോർട്ട്. ആപ്പിള്‍ വാച്ചിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലുകളിലും അള്‍ട്രാ മോഡലുകളിലും ക്യാമറ സംയോജിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കമ്പനി പരിശോധിക്കുകയാണ്.

സ്റ്റാന്‍ഡേര്‍ഡ് സീരീസില്‍, ഐഫോണുകളിലേതുപോലെ ഡിസ്പ്ലേയില്‍ തന്നെ ക്യാമറ സ്ഥാപിക്കാനാണ് പദ്ധതി. എന്നാല്‍, അള്‍ട്രാ മോഡലില്‍ ഡിജിറ്റല്‍ ക്രൗണിനും സൈഡ് ബട്ടണിനും സമീപം ക്യാമറ ഘടിപ്പിക്കാനാണ് ആലോചന. ക്യാമറയ്ക്ക് പുറമെ, ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളും ആപ്പിള്‍ വാച്ചില്‍ സംയോജിപ്പിക്കും. ക്യാമറ ഉപയോഗിച്ച് ചുറ്റുപാടുകളിലെ വസ്തുക്കളും ലാന്‍ഡ്മാര്‍ക്കുകളും തിരിച്ചറിയാനും അവയുമായി ബന്ധപ്പെട്ട പ്രസക്തമായ വിവരങ്ങള്‍ സന്ദര്‍ഭാനുസരണം നല്‍കാനും കഴിയുന്ന വിഷ്വല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതികവിദ്യകള്‍ ആപ്പിള്‍ ഇന്റലിജന്‍സില്‍ ഉള്‍പ്പെടുന്നുണ്ട്.

ആപ്പിള്‍ വാച്ചില്‍ ക്യാമറ എത്തുമെന്ന വാര്‍ത്തകള്‍ പുതിയതല്ല. 2015-ല്‍ തന്നെ ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. രണ്ടാം തലമുറ ആപ്പിള്‍ വാച്ചില്‍ ക്യാമറ ഉള്‍പ്പെടുമെന്നായിരുന്നു അന്ന് പുറത്തുവന്ന വിവരങ്ങള്‍, എന്നാല്‍ അത് യാഥാര്‍ഥ്യമായില്ല. ആപ്പിള്‍ വാച്ചിന് പുറമെ, എയര്‍പോഡ്സില്‍ ക്യാമറ സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. 2026-ല്‍ പുറത്തിറങ്ങാന്‍ സാധ്യതയുള്ള ഈ എയര്‍പോഡ്സിന് കൈചലനങ്ങള്‍ തിരിച്ചറിയാനും ചുറ്റുപാടുകള്‍ മനസ്സിലാക്കാനും കഴിവുണ്ടാകുമെന്നാണ് വിവരം. കൂടാതെ, ആപ്പിള്‍ വിഷന്‍ പ്രോ ഹെഡ്സെറ്റുമായി സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *