Your Image Description Your Image Description

കൊച്ചി: കൊതുക് നിയന്ത്രണത്തിന് കൊച്ചി കോർപറേഷൻ ഇത്തവണ നീക്കിവച്ച തുക 12 കോടി രൂപയാണ്. 2025-26 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് പ്രഖ്യാപനം. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കൊതുക് ശല്യവും അനുബന്ധ രോഗങ്ങളും ഉയരുന്നതിനിടെയാണ് കൊച്ചി കോർപറേഷൻ്റെ ഇടപെടൽ. കഴിഞ്ഞ രണ്ട് ബജറ്റുകളിലും 20 കോടി രൂപയാണ് കൊതുകു നിയന്ത്രണത്തിനു നീക്കിവച്ചത്.

കൊതുകു പ്രജനനത്തിനും വ്യാപനത്തിനും അനുകൂലമായ ഒട്ടേറെ സാഹചര്യങ്ങൾ ന​ഗരത്തിൽ നിലനിൽക്കുന്നുണ്ട്. ഒഴുകി പോകാതെ കെട്ടിക്കിടക്കുന്ന ജല സ്രോതസ്സുകളും കൊതുക് പെരുകുന്നതിനു ആക്കം കൂട്ടുന്നുവെന്നു ബജറ്റിൽ കോർപറേഷൻ തുറന്നു സമ്മതിക്കുന്നു. കൊതുകു പ്രജനനം കണ്ടെത്താൻ ജിഐഎസ് സാങ്കേതിക വിദ്യ, ലാബ്, പുതുച്ചേരിയിലെ വെക്ടർ കൺട്രോൾ റിസർച്ചിന്റെ സേവനം തുടങ്ങി കൊതുകിനെ തുരത്താനുള്ള സ്ഥിരം ആവകാശ വാദങ്ങൾ ഇത്തവണത്തെ ബജറ്റിലും ആവർത്തിക്കുന്നു.

കൊച്ചിയിൽ കൊതുക് ശല്യം രൂക്ഷമായി തുടരുമ്പോഴും കോ‍ർപ്പറേഷൻ യാതൊന്നും ചെയ്യുന്നില്ലെന്ന ആരോപണം പരക്കെ ഉയരുന്നുണ്ട്. രാത്രി ഉറക്കം പോലുമില്ലെന്നാണ് പലരും പരാതി പറയുന്നത്. തുറന്ന ഓടകൾ, മാലിന്യക്കുഴികൾ, സെപ്റ്റിക് ടാങ്കുകൾ എന്നിവിടങ്ങളാണ് ക്യൂലക്സ് കൊതുകുകളുടെ പ്രജനന കേന്ദ്രം. കൊതുകുകളുടെ പ്രജനനം തടയാനായി ഇവ പൂർണമായും അടയ്ക്കണമെന്നാണ് അധികൃതരുടെ നിർദേശം. കൂടാതെ, കൊതുകുകൾ മുറികളിലേക്ക് പ്രവേശിക്കുന്ന വെൻ്റിലേഷനുകൾ പഴുതില്ലാതെ അടയ്ക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ അവസാനം വരെ എറണാകുളം ജില്ലയിൽ 12000ത്തോളം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇതിൽ 4300 കേസുകളും സ്ഥിരീകരിച്ചവയാണ്. 10 മാസത്തിനിടെ 18 മരണങ്ങളും ഉണ്ടായി. നേരത്തെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ഫോഗിങ് മെഷീനുകളോട് കൂടിയ 10 ഇലക്ട്രിക് ഓട്ടോറിക്ഷകൾ കൊച്ചി കോർപറേഷേൻ വാങ്ങിയിരുന്നു. കോർപറേഷന് കീഴിലുള്ള 11 ഹെൽത്ത് സർക്കിളുകളിൽ രണ്ട് ഓട്ടോറിക്ഷ വീതം വിന്യസിച്ച് ആഴ്ചയിൽ ഫോഗിങ് നടത്താൻ അധികൃതർ തീരുമാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *