Your Image Description Your Image Description

നാ​ഗ​ർ​കു​ർ​നൂ​ൽ: തെലങ്കാനയിൽ തുരങ്കം തകർന്ന് കാണാതായ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. നാഗർകുർനൂലിലുള്ള തുരങ്കം തകർന്നത് 8 പേർ കുടുങ്ങിപ്പോയത് ഇക്കഴിഞ്ഞ ഫെബ്രുവരി 22 നായിരുന്നു. ഇനി ആറ് പേരെ കൂടി കണ്ടെത്താനുണ്ട്. മിനി എക്‌സ്‌കവേറ്റർ ഉപയോഗിച്ച് കുഴിക്കുന്നതിനിടെ കൺവെയർ ബെൽറ്റിൽ നിന്ന് ഏകദേശം 50 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. കുടുങ്ങിക്കിടക്കുന്ന മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാൻ കുറച്ച് സമയമെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം കാണാതായ മറ്റ് ആറ് തൊഴിലാളികൾക്കായി തിരച്ചിൽ തുടരുകയാണ്. ടി.ബി.എം ഓപ്പറേറ്ററായ ഗുർപ്രീത് സിങ്ങിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. മാർച്ച് ഒമ്പതിനായിരുന്നു അത്. മൃതദേഹം അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറി.

2025 ഫെബ്രുവരി 22നാണ്, തെലങ്കാനയിൽ തുരങ്കം തകർന്നത്. എട്ട് തൊഴിലാളികൾ അകത്ത് കുടുങ്ങിപ്പോകുകയായിരുന്നു. അമരാബാദിലാണ് തുരങ്കത്തിന്റെ നിർമാണം നടക്കുന്നത്. നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ പദ്ധതിയുടെ ഭാഗമായി നിർമിച്ച തുരങ്കമാണ് തകർന്നത്. തുരങ്കത്തി​ന്റെ ഇടതുഭാഗം തകർന്നു വീഴുകയായിരുന്നുവെന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.

ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ഇന്ത്യൻ സൈന്യം, ഖനന തൊഴിലാളികൾ എന്നിവരുൾപ്പെടെ ഒന്നിലധികം ഏജൻസികൾ ഉൾപ്പെട്ട രക്ഷാപ്രവർത്തനമാണ് ആരംഭിച്ചത്. എന്നാൽ, തുടർച്ചയായ ശ്രമങ്ങൾ നടന്നിട്ടും തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങൾ, വെള്ളം അടിഞ്ഞുകൂടൽ, മോശം വായുസഞ്ചാരം എന്നിവ കാരണം രക്ഷാപ്രവർത്തനം കാര്യമായ വെല്ലുവിളികൾ നേരിട്ടു.

Leave a Reply

Your email address will not be published. Required fields are marked *