Your Image Description Your Image Description

ഇന്നത്തെകാലത്ത് പല ആളുകളെയും അലട്ടുന്ന പ്രശ്നമാണല്ലോ മുടി കൊഴിച്ചിൽ. മുടി വളർന്നില്ലെങ്കിലും കൊഴിയരുതെന്നാണ് പലരുടെയും ആഗ്രഹം. ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും മുടി കൊഴിച്ചിൽ ബാധിക്കാറുമുണ്ട്. ഇങ്ങനെ മുടി കൊഴിച്ചിലുണ്ടാകുന്നതിന്റെ പിന്നിൽ പല കാരണങ്ങളുമുണ്ടാകാം. വെള്ളത്തിന്റെ പ്രശ്‌നവും ചില ഹോര്‍മോണ്‍ പ്രശ്‌നങ്ങളും സ്‌ട്രെസ് പോലുള്ള കാര്യങ്ങളുമെല്ലാം ചിലരുടെ മുടി കൊഴിയാനുള്ള കാരണമാണ്. ശരീരത്തിലെ വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും പോരായ്മയും ഈ പ്രശ്‌നത്തിന് ഇടയാക്കുന്നു. ഉറക്കക്കുറവ്, ജീവിതശൈലികളിലെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇതിന് ഇടയാക്കുന്നു, മുടി കൊഴിച്ചില്‍ തടയാന്‍ അടിസ്ഥാനപരമായ ഇത്തരം ചില പ്രശ്‌നങ്ങളുടെ പരിഹാരവും തേടേണ്ടതുണ്ട്.

ഹോര്‍മോണ്‍ പ്രശ്‌നങ്ങളോ രോഗങ്ങളോ ആണ് കാരണമെങ്കില്‍ ഇവയ്ക്ക് അടിസ്ഥാനപമായി പരിഹാരം തേടിയാല്‍ മാത്രമേ മുടികൊഴിച്ചില്‍ നില്‍ക്കൂ. കാരണം ഇതിന് ശരീരത്തിനുള്ളില്‍ നിന്നും പരിഹാരം തേടേണ്ടത് ആവശ്യമാണ്. ഇതുപോലെ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ നാം കഴിയ്ക്കുകയും വേണം. അയേണ്‍, പ്രോട്ടീന്‍, ബയോട്ടിന്‍, കൊളാജന്‍, വൈറ്റമിനുകള്‍ എന്നിവയെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഇതുകൂടാതെ നമ്മുടെ വീട്ടിലും, അടുക്കളയിലും തൊടിയിലുമെല്ലാം തന്നെ മുടികൊഴിച്ചിലിനുള്ള പരിഹാരമുണ്ടെങ്കില്‍ പിന്നെന്തിനാണ് പണം ചെലവാക്കുന്നത്. വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാന്‍ സാധിക്കുന്ന തികച്ചും ഫലപ്രദമായ, യാതൊരു ദോഷങ്ങളും വരുത്താത്ത വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഹെയര്‍ മാസ്ക് ഏതെന്ന് നോക്കിയാലോ?

ചെമ്പരത്തി​

ഇതിന് വേണ്ടത് രണ്ടു ചേരുവകള്‍ മാത്രമാണ്. ചെമ്പരത്തിയും തേങ്ങാപ്പാലുമാണ് ഇതിനായി വേണ്ടത്.പണ്ടു കാലത്ത് ഉപയോഗിച്ച് വന്നിരുന്ന വഴികളിൽ പ്രധാനപ്പെട്ടതാണ് തൊടിയിൽ നിന്നും ഉപയോഗിച്ചു വന്നിരുന്ന ഇലത്താളികൾ. ഇതിൽ പ്രധാനപ്പെട്ടതാണ് ചെമ്പരത്തി. പണ്ടും ഇപ്പോഴും ലഭ്യമായ ഒരു പ്രകൃതിദത്ത വഴി. ചെമ്പരത്തിപ്പൂവും ഇലകളുമെല്ലാം മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്നവയാണ്. മുടി വളരാൻ ഇവ രണ്ടും വളരെ സാധാരണമായി ഉപയോഗിക്കുന്നുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയിഡുകൾ ദോഷകരമായ സൂര്യ രശ്മികളിൽ നിന്ന് മുടിയെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ ശിരോചർമ്മത്തിന് തണുപ്പ് പകരാനും ചെമ്പരത്തി ഗുണം ചെയ്യും.

​തേങ്ങാപ്പാല്‍​

മുടിക്ക് ഗുണം ചെയ്യുന്ന ഏറ്റവും മികച്ച ചേരുവകളിൽ ഒന്നാണ് തേങ്ങാപ്പാൽ. ഇത് പൂർണ്ണമായും പ്രകൃതിദത്തമാണ്. നല്ല ശുദ്ധമായ തേങ്ങാപ്പാല്‍ വേണം ഉപയോഗിയ്ക്കാന്‍. വീട്ടില്‍ തന്നെ തയ്യാറാക്കുന്നതാണ് ഗുണം നല്‍കുക. ഒപ്പം ശിരോചർമ്മത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്ന നിയാസിൻ, ഫോളേറ്റ് തുടങ്ങിയ വിറ്റാമിനുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, മുടിയുടെ കേടുപാടുകൾ പരിഹരിക്കുവാൻ സഹായിക്കുന്ന വിറ്റാമിൻ ഇ, കൊഴുപ്പ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. തേങ്ങാപ്പാൽ ശിരോചർമ്മത്തിലൂടെയും ബാഹ്യചർമ്മത്തിലൂടെയും ഇറങ്ങി ചെന്ന് മുടിവേരുകളെപരിപോഷിപ്പിക്കുകയും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മുടിയിലെ അധിക ഈർപ്പവും പോഷണവും നിങ്ങളുടെ മുടിയിഴകളുടെ വളർച്ച വർദ്ധിപ്പിക്കുകയും മുടിയുടെ ഘടനയും ആരോഗ്യവും മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ്.

​ആര്യവേപ്പില​

ഇത് തയ്യാറാക്കാനും ഏറെ എളുപ്പമാണ്. തേങ്ങാപ്പാല്‍ എടുക്കുക. ഇതിലേയ്ക്ക് ചെമ്പരത്തിയുടെ പൂവും ഇലകളും ചേര്‍ത്തരച്ച് ചേര്‍ക്കുക. ഇത് നല്ലതുപോലെ മിശ്രിതമാക്കി ഹെയര്‍പായ്ക്കായി ഉപയോഗിയ്ക്കാം. അര മണിക്കൂര്‍ ശേഷം കഴുകാം. മുടിയ്ക്ക് പലവിധ ഗുണങ്ങള്‍ ഒരേപോലെ നല്‍കുന്ന ഒന്നാണിത്. മുടി കൊഴിച്ചില്‍ നിര്‍ത്തുന്നതിനോടൊപ്പം മുടി വരണ്ടു പോകാതെ തന്നെ നല്ലൊരു ഷാംപൂ ഗുണം നല്‍കാനും ഇതിന് സാധിയ്ക്കും. ഷാംപൂവും ഒപ്പം കണ്ടീഷണറും നല്‍കുന്ന ഗുണം ഈ ഹെയര്‍പായ്ക്ക് നല്‍കും. അതും മുടി വരണ്ടുപോകാതെ തന്നെ. വരണ്ട മുടിയുളളവര്‍ക്ക് പറ്റിയ മികച്ച ഒന്നാണിത്. മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കുന്ന ഒന്ന്. ഏതുതരം മുടിയുള്ളവര്‍ക്കും ഇത് ഉപയോഗിയ്ക്കാം. ആഴ്ചയില്‍ ഒന്നുരണ്ടു തവണയെങ്കിലും ഇത് ഉപയോഗിച്ചാല്‍ ഏറെ പ്രയോജനം ലഭിയ്ക്കും. തലയില്‍ താരന്‍ പോലുളള പ്രശ്‌നങ്ങളെങ്കില്‍ ചെമ്പരത്തി ഇലയ്‌ക്കൊപ്പം ആര്യവേപ്പില കൂടി അരച്ച് ഉപയോഗിയ്ക്കാം. താരനെ തുരത്താന്‍ ഇതേറ ഗുണകരമാണ്. ആര്യവേപ്പില മുടിയ്ക്കും ചര്‍മത്തിനുമെല്ലാം ഒരുപോലെ ഗുണം നല്‍കുന്ന ഒന്നുമാണ്.

Leave a Reply

Your email address will not be published. Required fields are marked *